ഇല്ലിനോയിസ് സെനറ്റ് പ്രൈമറി: രാജാ കൃഷ്ണമൂര്‍ത്തിക്ക് വന്‍ മുന്നേറ്റം

By: 600002 On: Jan 14, 2026, 10:00 AM



 


പി പി ചെറിയാന്‍

ഇല്ലിനോയിസ്: സെനറ്റില്‍ നിന്നും വിരമിക്കുന്ന സെനറ്റര്‍ ഡിക് ഡര്‍ബിന് പകരക്കാരനെ കണ്ടെത്താനുള്ള ഇല്ലിനോയിസ് ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഇന്ത്യന്‍ വംശജനായ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തിക്ക് വ്യക്തമായ മുന്നേറ്റമെന്ന് പുതിയ പോളിംഗ് ഫലങ്ങള്‍. എമേഴ്‌സണ്‍ കോളേജും ഡബ്ല്യു.ജി.എന്‍  ടിവിയും സംയുക്തമായി നടത്തിയ സര്‍വേയിലാണ് അദ്ദേഹം തന്റെ എതിരാളികളെക്കാള്‍ ഏറെ മുന്നിലെത്തിയത്.

31 ശതമാനം വോട്ടര്‍മാരുടെ പിന്തുണയോടെയാണ് കൃഷ്ണമൂര്‍ത്തി ഒന്നാമതെത്തിയത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ ജൂലിയാന സ്ട്രാറ്റണ്‍ (10%), പ്രതിനിധി റോബിന്‍ കെല്ലി (8%) എന്നിവരാണ് അദ്ദേഹത്തിന്റെ തൊട്ടുപിന്നിലുള്ളത്. ഇരുവര്‍ക്കും പത്തു ശതമാനത്തിനടുത്ത് മാത്രമേ പിന്തുണ നേടാനായിട്ടുള്ളൂ.

പ്രൈമറി തെരഞ്ഞെടുപ്പിന് മൂന്ന് മാസത്തില്‍ താഴെ മാത്രം ബാക്കി നില്‍ക്കെ, 46 ശതമാനം വോട്ടര്‍മാരും ആര്‍ക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

50 വയസ്സിന് മുകളിലുള്ളവരിലും പുരുഷ വോട്ടര്‍മാരിലുമാണ് കൃഷ്ണമൂര്‍ത്തിക്ക് കൂടുതല്‍ സ്വാധീനമുള്ളത് (ഏകദേശം 41-42%). എന്നാല്‍ വനിതാ വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ ഇപ്പോഴും ആരെ പിന്തുണയ്ക്കണം എന്നതില്‍ അനിശ്ചിതത്വത്തിലാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനമായതിനാല്‍, പ്രൈമറിയില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് സെനറ്റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലും അനായാസ വിജയം നേടാനാകുമെന്നാണ് വിലയിരുത്തല്‍. ചൈനയുമായുള്ള മത്സരത്തെക്കുറിച്ചുള്ള ഹൗസ് സെലക്ട് കമ്മിറ്റിയിലെ തന്റെ പദവി കൃഷ്ണമൂര്‍ത്തി അടുത്തിടെ ഒഴിഞ്ഞിരുന്നു.