ആൽബെർട്ട സ്വതന്ത്ര രാജ്യമാകണമെന്ന വാദത്തിന് പിന്തുണയേറുന്നതായി റിപ്പോർട്ട്

By: 600110 On: Jan 13, 2026, 2:17 PM

കാനഡയിൽ നിന്ന് വേർപെട്ട് ആൽബർട്ട ഒരു സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യത്തിന് പ്രവിശ്യയിൽ പിന്തുണയേറുന്നു. ഇതിൻ്റെ ഭാഗമായുള്ള ഒപ്പു ശേഖരണം സജീവമായി തുടരുകയാണ്. കഴിഞ്ഞ ഡിസംബറിൽ 'ഇലക്ഷൻസ് അൽബെർട്ട' ഈ നീക്കത്തിന് ഔദ്യോഗികമായി അനുമതി നൽകിയിരുന്നു. ഇതിൻ്റെ പ്രചാരണാർത്ഥം ശനിയാഴ്ച കാൽഗറിയിൽ നടന്ന പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.

 ഫെഡറൽ സർക്കാരിൻ്റെ നയങ്ങളോടുള്ള കടുത്ത പ്രതിഷേധമാണ് ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്. അൽബെർട്ടയുടെ വിഭവങ്ങളും വരുമാനവും പ്രവിശ്യയുടെ തന്നെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കായി ഉപയോഗിക്കാൻ സ്വയംഭരണാധികാരം വേണമെന്നാണ് വിഘടനവാദത്തെ അനുകൂലിക്കുന്നവരുടെ വാദം. റെഡ് ഡിയർ ഉൾപ്പെടെയുള്ള പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ ഒപ്പിടാൻ എത്തുന്നുണ്ട്. കഴിഞ്ഞ 18 മാസത്തിനിടെ ഇത്തരം ആശയങ്ങളെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി സർവ്വേകൾ വ്യക്തമാക്കുന്നു.

 അതേസമയം, കാനഡയിൽ നിന്ന് വേർപിരിയുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വലിയൊരു വിഭാഗം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിലവിലെ കാനഡ പെൻഷൻ പ്ലാനിൻ്റെ ഭാവി എന്താകുമെന്നത് പ്രധാന ചോദ്യമാണ്. കടൽ അതിർത്തിയില്ലാത്ത (Landlocked) പ്രവിശ്യയായ ആൽബെർട്ടയ്ക്ക് സ്വതന്ത്ര രാജ്യമായാൽ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം എത്രത്തോളം എളുപ്പമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ വിഷയം ആൽബെർട്ടയിലെ കുടുംബങ്ങൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ അഭിപ്രായ വ്യത്യാസങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.