2024-ലെ പൈപ്പ് ലൈൻ തകരാറിനെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിനെതിരെ കൗൺസിലർ രംഗത്ത്

By: 600110 On: Jan 13, 2026, 2:07 PM

കാൽഗറിയിലെ ബിയർസ്‌പോ ഫീഡർ മെയിൻ പൈപ്പ് ലൈനിൽ 2024- ഉണ്ടായ തകരാറിനെക്കുറിച്ച് കഴിഞ്ഞയാഴ്ച സമർപ്പിച്ച സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിനെതിരെ കൗൺസിലർ ജെന്നിഫർ വൈനസ് രംഗത്തെത്തി. റിപ്പോർട്ടിനെ രൂക്ഷമായ ഭാഷയിലാണ് അവർ വിമർശിച്ചത്.ഏകദേശം 18 മാസമെടുത്തു തയ്യാറാക്കിയ ഈ റിപ്പോർട്ടിനായി 2 ദശലക്ഷം ഡോളറാണ് (ഏകദേശം 16 കോടിയിലധികം രൂപ) ചെലവാക്കിയത്. എന്നാൽ ഇത് പഴയ റിപ്പോർട്ടുകളുടെ  'AI സംഗ്രഹം' പോലെയാണെന്നും വൈനസ് പരിഹസിച്ചു.

ജലവിതരണത്തിൻ്റെ മേൽനോട്ടത്തിനായി പ്രത്യേക കോർപ്പറേഷൻ രൂപീകരിക്കണമെന്ന റിപ്പോർട്ടിലെ ശുപാർശ ജനപ്രതിനിധികളുടെ അധികാരം കവർന്നെടുക്കാനേ ഉപകരിക്കൂ എന്ന് അവർ കുറ്റപ്പെടുത്തി.റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും ഓൺലൈനിലും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. എന്നാൽ വെറും ചർച്ചകളിൽ മാത്രം ഒതുങ്ങാതെ കൃത്യമായ നടപടികളിലേക്ക് നീങ്ങണമെന്നാണ് അന്വേഷണ പാനൽ അധ്യക്ഷൻ സീഗ്ഫ്രൈഡ് കീഫറുടെ നിലപാട്. ഓരോ തവണയും ഇത്തരം അറ്റകുറ്റപ്പണികൾക്കായി 40 മുതൽ 50 മില്യൺ ഡോളർ വരെ നികുതിപ്പണമാണ് ചെലവാകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പുതിയ കൗൺസിലർമാരിൽ ഒരാളായ ലാൻഡൻ ജോൺസ്റ്റണും റിപ്പോർട്ട് പുറത്തുവിട്ട രീതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2025 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം കൗൺസിലിൽ എത്തിയ പുതിയ അംഗങ്ങളെ റിപ്പോർട്ട് നടപ്പിലാക്കാൻ സമ്മർദ്ദത്തിലാക്കുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.