കാനഡയിലെ ഏറ്റവും വലിയ സ്വർണ്ണക്കവർച്ചാ കേസിൽ പീൽ റീജിയണൽ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നും ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ വിമാനമിറങ്ങിയ 43 വയസ്സുകാരനായ അർസലാൻ ചൗധരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2023-ലെ സ്വർണ്ണക്കവർച്ചയെക്കുറിച്ച് അന്വേഷിക്കുന്ന 'പ്രോജക്റ്റ് 24K'-യുടെ ഭാഗമായാണ് ഈ അറസ്റ്റ്.
2023 ഏപ്രിലിൽ സൂറിച്ചിൽ നിന്ന് പിയേഴ്സൺ എയർപോർട്ടിലെ കാർഗോ കേന്ദ്രത്തിലെത്തിച്ച 2 കോടി ഡോളറിലധികം (20 Million CAD) മൂല്യമുള്ള സ്വർണ്ണക്കട്ടികളും 25 ലക്ഷം ഡോളറിൻ്റെ വിദേശ കറൻസിയുമാണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം 400 കിലോഗ്രാം തൂക്കം വരുന്ന 6,600 തങ്കക്കട്ടികളാണ് മോഷണം പോയതെന്ന് പോലീസ് വ്യക്തമാക്കുന്നു. മോഷണം, മോഷ്ടിച്ച സാധനങ്ങൾ കൈവശം വയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അർസലാൻ ചൗധരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മറ്റുള്ളവർക്കായി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. അന്വേഷണം സജീവമായി തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ താമസിയാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.