കര്‍മ്മപഥത്തില്‍ അറുപതിന്റെ നിറവ്; ഷാജി രാമപുരത്തിന് ഡാളസില്‍ ഉജ്ജ്വല സ്‌നേഹാദരം

By: 600002 On: Jan 12, 2026, 11:52 AM



 


പി പി ചെറിയാന്‍

കാരോള്‍ട്ടന്‍ (ഡാളസ്): പ്രമുഖ മാധ്യമപ്രവര്‍ത്തകനും സഭാ-സാമൂഹിക പ്രവര്‍ത്തകനുമായ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം (ഷഷ്ഠിപൂര്‍ത്തി) വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആഘോഷിച്ചു. ജനുവരി 11-ന് വൈകീട്ട് കാരോള്‍ട്ടന്‍ ചര്‍ച്ച് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആത്മീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.

ഷാജി രാമപുരത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് റവ  റോയ് തോമസ്,റവ ഷിബി ഏബ്രഹാം,റവ. റോബിന്‍ വര്‍ഗീസ്,റവ. ബേസില്‍ (KECF പ്രസിഡന്റ്),റവ. ഏബ്രഹാം കുരുവിള, പി റ്റി മാത്യു , പി പി ചെറിയാന്‍ നിരവധി വിശിഷ്ടാതിഥികള്‍ സംസാരിച്ചു: ഹൂസ്റ്റണില്‍ നിന്നും തോമസ് മാത്യു (ജീമോന്‍ റാന്നി)  ,ഡെട്രോയിറ്റില്‍ നിന്നും  ഐ പി എല്‍ കോര്‍ഡിനേറ്റര്‍ സി വി സാമുവേല്‍ എന്നിവര്‍  ജന്മദിനാശംകള്‍ നേര്‍ന്നു അയച്ച സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദീര്‍ഘകാലമായി സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത വ്യക്തിയാണ് ഷാജി രാമപുരമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു. മാര്‍ത്തോമാ സഭാ നോര്‍ത്ത് അമേരിക്ക - ഡയോസീസ് കൗണ്‍സില്‍ അംഗം എന്ന നിലയില്‍ അദ്ദേഹം നടത്തുന്ന ആത്മീയ-സമാധാന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. ഒരു മികച്ച സംഘാടകന്‍ എന്ന നിലയിലും ലോക്കല്‍ കമ്മിറ്റികളിലെ സജീവ സാന്നിധ്യം എന്ന നിലയിലും അദ്ദേഹം എല്ലാവര്‍ക്കും മാതൃകയാണെന്ന് ചടങ്ങില്‍ അഭിപ്രായമുയര്‍ന്നു.

'ഔദ്യോഗികവും സാമൂഹികവുമായ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും കുടുംബത്തെ വലിയ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന മാതൃകാപരമായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. ഷാജി രാമപുരം പുലര്‍ത്തുന്ന സത്യസന്ധതയും സേവന മനോഭാവവും പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ്.' - ചടങ്ങിലെ പ്രസംഗകര്‍.

അറുപതിന്റെ നിറവിലെത്തിയ ഷാജി രാമപുരത്തിന് ആരോഗ്യപൂര്‍ണ്ണമായ ദീര്‍ഘായുസ്സും ഐശ്വര്യവും നേര്‍ന്നുകൊണ്ട് റവ. ഷിബി ഏബ്രഹാം സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തി. സ്‌നേഹോഷ്മളമായ ഈ സംഗമം ഡാളസിലെ മലയാളി സമൂഹത്തിനിടയില്‍ അദ്ദേഹത്തിനുള്ള വലിയ സ്വീകാര്യതയുടെ തെളിവായി മാറി.