ക്രെഡിറ്റ് കാര്‍ഡ് പലിശ 10 ശതമാനമായി കുറയ്ക്കണം: കടുത്ത നിര്‍ദ്ദേശവുമായി ട്രംപ്

By: 600002 On: Jan 12, 2026, 11:38 AM


 

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്ന അമിത പലിശയ്ക്ക് കടിഞ്ഞാണിടാന്‍ ഒരു വര്‍ഷത്തേക്ക് പലിശ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. നിലവില്‍ 20 മുതല്‍ 30 ശതമാനം വരെ പലിശ ഈടാക്കുന്ന കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

2026 ജനുവരി 20 മുതല്‍ ഒരു വര്‍ഷത്തേക്ക് ഈ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ഈ നീക്കത്തിന് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളുടെ പിന്തുണയുണ്ട്. സാന്‍ഡേഴ്‌സ്, അലക്‌സാണ്ട്രിയ ഒക്കേഷ്യോ-കോര്‍ട്ടസ് തുടങ്ങിയവരും സമാനമായ ആവശ്യം മുന്‍പ് ഉന്നയിച്ചിരുന്നു.

അമേരിക്കയിലെ ആകെ ക്രെഡിറ്റ് കാര്‍ഡ് കടം 1.23 ട്രില്യണ്‍ ഡോളറിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടല്‍.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുന്നു. പലിശ നിരക്ക് 10 ശതമാനമായി കുറയ്ക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നത് തടയാന്‍ കാരണമാകുമെന്നും, ഇത് സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ വാദിക്കുന്നു.

വായ്പാ നിരക്കുകള്‍ കുറച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇതിന് മുന്‍പ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കാനും അദ്ദേഹം ഇടപെടലുകള്‍ നടത്തിയിരുന്നു.