കാൽഗറിയിൽ ജലനിയന്ത്രണം തുടരുന്നതിനിടെ, വീടുകളിൽ നേരിട്ടെത്തി ജലഉപയോഗം പരിശോധിക്കാനെന്ന വ്യാജേന തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. നഗരസഭയുടെയോ ഊർജ്ജ വിതരണ കമ്പനിയായ എൻമാക്സിൻ്റെയോ (ENMAX) ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് എത്തുന്നവർ, പരിശോധനയുടെ പേരിൽ വീടിനുള്ളിൽ കടക്കാൻ ശ്രമിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതോടെ നഗരസഭാ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
വെള്ളത്തിൻ്റെ ഉപയോഗം നേരിട്ട് പരിശോധിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ഇത്തരത്തിൽ എത്തുന്നവരെ യാതൊരു കാരണവശാലും വീടിനുള്ളിൽ പ്രവേശിപ്പിക്കരുതെന്നും അധികൃതർ നഗരവാസികളോട് കർശനമായി നിർദ്ദേശിച്ചു. ബിയർസ്പോ സൗത്ത് ഫീഡർ മെയിനിലെ പൈപ്പ് അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണെങ്കിലും നഗരത്തിൽ ജലനിയന്ത്രണം ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 504 ദശലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിൽ ഉപയോഗിച്ചത്. ഇത് അനുവദനീയമായ പരിധിയേക്കാൾ കൂടുതലായതിനാൽ അധികൃതർ ആശങ്കയിലാണ്. ഈ സാഹചര്യം മുതലെടുത്ത് ജനങ്ങളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ശ്രമിക്കുമെന്നതിനാലാണ് ഈ മുന്നറിയിപ്പ്.
സംശയാസ്പദമായ രീതിയിൽ ആരെങ്കിലും എത്തിയാൽ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കണം. ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശം തിരിച്ചറിയൽ കാർഡും കൂടെ ഔദ്യോഗിക വാഹനവും ഉണ്ടാകും. മാത്രമല്ല, സാധാരണയായി സന്ദർശനത്തിന് മുൻപ് അവർ ഫോൺ വഴി അനുവാദം വാങ്ങാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.