കാനഡയിലെ റെസ്റ്റോറൻ്റ് വ്യവസായം കടുത്ത സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുന്നതായി ഡൽഹൗസി സർവകലാശാലയുടെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം മാത്രം രാജ്യത്തുടനീളം 7,000 റെസ്റ്റോറൻ്റുകളാണ് പൂട്ടിയത്. വരാനിരിക്കുന്ന മാസങ്ങളിൽ 4,000 സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലാളി ക്ഷാമം, വേതന വർദ്ധനവ്, മാറുന്ന സർക്കാർ നയങ്ങൾ എന്നിവയാണ് ഈ മേഖലയെ തളർത്തുന്നത്. ടൊറൻ്റോ അടക്കമുള്ള ഒൻ്റാരിയോ പ്രവിശ്യയിലെ റെസ്റ്റോറൻ്റുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുപ്പത് വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പോലും നിലവിലെ സാഹചര്യം താങ്ങാനാവില്ലെന്ന് തുറന്നുപറയുന്നു. ഭക്ഷണസാധനങ്ങൾക്കും പാക്കിംഗ് സാമഗ്രികൾക്കും വർഷാവർഷം 20 മുതൽ 30 ശതമാനം വരെ വില കൂടുമ്പോൾ ബിസിനസ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ് ഉടമകൾ.
കോവിഡ് കാലത്തെ കടബാധ്യതകളും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവും റെസ്റ്റോറൻ്റ് ഉടമകളെ വലിയ തോതിൽ വലയ്ക്കുന്നുണ്ട്. ചെറുകിട റെസ്റ്റോറൻ്റുകളെ സംരക്ഷിക്കാൻ നികുതി ഇളവുകൾ ഉൾപ്പെടെയുള്ള അടിയന്തര സർക്കാർ ഇടപെടലുകൾ വേണമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം.