ഒഹായോയില്‍ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ മുന്‍ഭര്‍ത്താവ് പിടിയിലായി

By: 600002 On: Jan 12, 2026, 10:09 AM



 

പി പി ചെറിയാന്‍

ചിക്കാഗോ: ഒഹായോയില്‍ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ മുന്‍ഭര്‍ത്താവ് പിടിയിലായി. ചിക്കാഗോ സ്വദേശിയായ മൈക്കല്‍ ഡേവിഡ് മക്കീ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബര്‍ 30-നാണ് ഒഹായോയിലെ വെയ്ന്‍ലാന്‍ഡ് പാര്‍ക്കിലുള്ള വീടിനുള്ളില്‍ ദന്തഡോക്ടറായ സ്‌പെന്‍സര്‍ ടെപെ (37), ഭാര്യ മോണിക് ടെപെ (39) എന്നിവരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട മോണിക്കിന്റെ മുന്‍ഭര്‍ത്താവാണ് പ്രതിയായ മൈക്കല്‍. ക്രൂരമായ ഈ കൊലപാതകം നടക്കുമ്പോള്‍ ദമ്പതികളുടെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ഭാഗ്യവശാല്‍ കുട്ടികള്‍ക്ക് പരിക്കുകളൊന്നും ഏറ്റില്ല.

സംഭവം നടന്ന ദിവസം സ്‌പെന്‍സര്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സംശയാസ്പദമായ രീതിയില്‍ അവിടെ കണ്ട ഒരു വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇല്ലിനോയിസിലെ വിന്നെബാഗോ കൗണ്ടിയില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടന്‍ തന്നെ ഒഹായോയിലെ അധികൃതര്‍ക്ക് കൈമാറും.

ജനുവരി 30-ന് ഇവരുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ഈ ദാരുണമായ അന്ത്യം സംഭവിച്ചത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.