കാനഡയിലെ ആൽബർട്ട പ്രവിശ്യയിലുടനീളമുള്ള ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഡോക്ടർമാർ രംഗത്തെത്തി. എമർജൻസി വിഭാഗങ്ങളിൽ ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതും കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ രോഗികൾ മരണപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ ഈ ആവശ്യം ഉന്നയിച്ചത്. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും സുരക്ഷിതവും സമയബന്ധിതവുമായ പരിചരണം നൽകാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ലെന്നും അസോസിയേഷൻ ഭാരവാഹിയായ ഡോ. പോൾ പാർക്സ് വ്യക്തമാക്കി. ജനസംഖ്യാ വർധനവും ആരോഗ്യ സംവിധാനങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതായാണ് വിലയിരുത്തൽ.
കഴിഞ്ഞ ക്രിസ്മസിന് തൊട്ടുമുമ്പ് എഡ്മൻ്റണിലെ ഗ്രേ നൺസ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 44 കാരനായ പ്രശാന്ത് ശ്രീകുമാർ എന്ന വ്യക്തി എട്ട് മണിക്കൂർ കാത്തിരുന്നിട്ടും ഡോക്ടറെ കാണാൻ കഴിയാതെ മരിച്ച സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സമാനമായ രീതിയിൽ ഹൃദയസംബന്ധമായ അസുഖങ്ങളുമായി എത്തിയവർ പോലും മണിക്കൂറുകളോളം വെയ്റ്റിംഗ് റൂമുകളിൽ അവഗണിക്കപ്പെടുന്നതായി പരാതികൾ ഉയരുന്നുണ്ട്. ആംബുലൻസുകളുടെ ലഭ്യതക്കുറവും ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഇല്ലാത്തതും സ്ഥിതിഗതികൾ വഷളാക്കുന്നു. ഈ സാഹചര്യത്തിൽ പ്രവിശ്യാ ഭരണകൂടം ഉടൻ ഇടപെടണമെന്നും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പിന്തുണ നൽകണമെന്നുമാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യം.