ഒർലിയൻസിൽ വളർത്തുനായ ലിഥിയം-അയൺ ബാറ്ററി കടിച്ചതിനെത്തുടർന്ന് വീടിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ബെവിംഗ്ടൺ വാക്കിലുള്ള ഒരു വീട്ടിലായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഒരു സ്കീയിംഗ് ഗ്ലൗസിനുള്ളിലെ ലിഥിയം-അയൺ ബാറ്ററിയാണ് നായ കടിച്ചത്. ഇതിനെത്തുടർന്ന് ബാറ്ററി തകരാറിലാകുകയും തീപിടുത്തം ഉണ്ടാവുകയുമായിരുന്നു. വീട്ടുടമസ്ഥൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് നടന്ന സംഭവം വീടിനുള്ളിലെ സെക്യൂരിറ്റി ക്യാമറകളിലൂടെയാണ് അദ്ദേഹം ശ്രദ്ധിച്ചത്. തുടർന്ന് വിവരം ഉടൻ തന്നെ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
അഗ്നിശമനസേനാംഗങ്ങൾ നാല് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തുകയും അതിവേഗത്തിൽ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വീടിനുള്ളിൽ നടത്തിയ തിരച്ചിലിനൊടുവിൽ സുരക്ഷിതമായ നിലയിൽ നായയെ കണ്ടെത്തുകയും പുറത്തെത്തിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലിഥിയം-അയൺ ബാറ്ററികൾ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വലിയ തീപിടുത്തത്തിന് കാരണമാകുമെന്നും അവ വളർത്തുമൃഗങ്ങൾക്കും കുട്ടികൾക്കും എത്താൻ കഴിയാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഓട്ടവ ഫയർ സർവീസസ് അധികൃതർ മുന്നറിയിപ്പ് നൽകി.