കാനഡയിൽ മാതാപിതാക്കളെയും ഗ്രാൻ്റ് പേരൻ്റ്സിനെയും സ്പോൺസർ ചെയ്യുന്നവർക്ക് തിരിച്ചടി; ഈ വർഷവും പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

By: 600110 On: Jan 10, 2026, 7:00 AM

കാനഡയിലെ സ്ഥിരതാമസക്കാർക്കും പൗരന്മാർക്കും തങ്ങളുടെ മാതാപിതാക്കളെയും ഗ്രാൻ്റ് പാരൻ്റ്സിനെയും സ്ഥിരതാമസത്തിനായി (Permanent Residency) സ്പോൺസർ ചെയ്യാൻ സഹായിക്കുന്ന 'പേരൻ്റ്സ് ആൻഡ് ഗ്രാൻഡ്‌പേരൻ്റ്സ് പ്രോഗ്രാം' (PGP) 2026-ലും പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന്  ഭരണകൂടം വ്യക്തമാക്കി. 2025-ൽ നടപ്പിലാക്കിയ താൽക്കാലിക വിലക്ക് 2026-ലും തുടരാനാണ് ഇമിഗ്രേഷൻ വിഭാഗത്തിൻ്റെ തീരുമാനം.

മുൻവർഷങ്ങളിൽ ലഭിച്ച അപേക്ഷകൾ വലിയ തോതിൽ കെട്ടിക്കിക്കുകയാണ്. ഇത് തീർക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപേക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ അറിയിപ്പ് പ്രകാരം, 2025-ന് മുമ്പ് ലഭിച്ച അപേക്ഷകൾ മാത്രമായിരിക്കും ഇനി പരിഗണിക്കുക. ഇതിൽ പരമാവധി 10,000 അപേക്ഷകൾ മാത്രമേ 2026-ൽ പ്രോസസ്സ് ചെയ്യുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. പി.ജി.പി വഴി പി.ആർ (PR) ലഭിക്കാത്തവർക്കായി 'സൂപ്പർ വിസ' (Super Visa) പദ്ധതി ലഭ്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സൂപ്പർ വിസ വഴി മാതാപിതാക്കൾക്ക് കാനഡയിൽ അഞ്ച് വർഷം വരെ തുടർച്ചയായി താമസിക്കാൻ സാധിക്കുമെങ്കിലും, ഇതിലൂടെ സ്ഥിരതാമസത്തിനുള്ള അവകാശം ലഭിക്കില്ല.