വാർദ്ധക്യത്തിലേക്ക് നീങ്ങുന്ന ജനസംഖ്യയും കുറഞ്ഞ ജനനനിരക്കും: കാനഡ ഗുരുതരമായ ജനസംഖ്യാ പ്രശ്നങ്ങൾ നേരിടുകയാണെന്ന് വിദഗ്ധർ

By: 600110 On: Jan 10, 2026, 6:40 AM

വാർദ്ധക്യത്തിലേക്ക് നീങ്ങുന്ന ജനസംഖ്യയും കുറഞ്ഞ ജനനനിരക്കും കാരണം കാനഡ ഗുരുതരമായ ജനസംഖ്യാപരമായ പ്രശ്നങ്ങൾ നേരിടുകയാണെന്ന് വിദഗ്ധർ. കുടിയേറ്റമാണ് ഇതിനുള്ള പ്രധാന പരിഹാരമായി ദീർഘകാലമായി കരുതിപ്പോന്നിരുന്നത് എങ്കിലും, പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ടന്നും ഇവർ പറയുന്നു. കാനഡയുടെ ജനസംഖ്യ അതിവേഗം വാർദ്ധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടികളേക്കാൾ കൂടുതൽ മുതിർന്ന പൗരന്മാരാണ് ഇപ്പോൾ അവിടെയുള്ളത്. ഇതിനർത്ഥം സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ ആവശ്യത്തിന് തൊഴിലാളികൾ ലഭ്യമല്ല എന്നാണ്.

2025 നവംബറിലെ ഫെഡറൽ ബജറ്റിൽ താൽക്കാലിക താമസക്കാരുടെ എണ്ണം 6,75,000-ൽ നിന്ന് 3,85,000 ആയി സർക്കാർ വെട്ടിക്കുറച്ചിരുന്നു. കുടിയേറ്റം നിയന്ത്രണവിധേയമാക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഇത്. 2024-ൽ ആകെ ജനസംഖ്യയുടെ 7.5% ആയിരുന്ന താൽക്കാലിക താമസക്കാരെ 5% ആയി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാനഡയുടെ 'സ്കിൽഡ് ഇമിഗ്രേഷൻ' വ്യവസ്ഥയെ ഈ മാറ്റങ്ങൾ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

2023-ൽ കൊണ്ടുവന്ന പുതിയ വിഭാഗങ്ങൾ പ്രകാരം, പോയിൻ്റ് ടെസ്റ്റുകൾ പരിഗണിക്കാതെ കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കാൻ പ്രവിശ്യകൾക്ക് അനുവാദം ലഭിച്ചു. ഇത് യഥാർത്ഥ പ്രതിഭകളെ പുറന്തള്ളുന്നതിനും രാജ്യത്തിൻ്റെ ഉൽപ്പാദനക്ഷമത കുറയ്ക്കുന്നതിനും കാരണമാകുന്നുണ്ട്.  ഈ വെട്ടിക്കുറയ്ക്കലുകൾ നികുതി വരുമാനത്തെ കുറയ്ക്കുകയും ആഗോള വിദ്യാർത്ഥികൾക്ക് കാനഡയോടുള്ള താൽപ്പര്യം ഇല്ലാതാക്കുകയും ചെയ്യും. ജനസംഖ്യ കുറയുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ സാവധാനത്തിലാക്കാനും സാധ്യതയുണ്ട്.

രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ പരിശീലനവും പിന്തുണയും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ കുടിയേറ്റവും അടിസ്ഥാന സൗകര്യ വികസനവും തമ്മിൽ തുലനം ചെയ്യുന്ന മെച്ചപ്പെട്ട നയങ്ങളാണ് ആവശ്യമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു.പുതിയ നിയന്ത്രണങ്ങൾ വിദേശ വിദ്യാർത്ഥികളെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവരെ സാരമായി ബാധിച്ചിട്ടുണ്ട്. 2024-നെ അപേക്ഷിച്ച് 2025-ൽ സ്റ്റഡി പെർമിറ്റുകളിൽ 54% ഇടിവ് രേഖപ്പെടുത്തി. വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള ഉയർന്ന ഫീസിനെ ആശ്രയിച്ചിരുന്ന സർവ്വകലാശാലകൾ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്.