കുട്ടിക്ക് നേരെ ക്രൂരത: കൊടും തണുപ്പില്‍ നാല് വയസ്സുകാരിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്തുനിര്‍ത്തി

By: 600002 On: Jan 9, 2026, 9:22 AM



 

 

പി പി ചെറിയാന്‍

കാന്‍സസ്: അമേരിക്കയിലെ കാന്‍സസില്‍ നാല് വയസ്സുകാരിയായ പെണ്‍കുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിക്കുന്നു. അബദ്ധത്തില്‍ മൂത്രമൊഴിച്ചുവെന്ന കാരണത്താല്‍ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ വീടിന് പുറത്തുനിര്‍ത്തിയതായാണ് പരാതി.

ബ്രൂഡി ബര്‍ (26), കാമുകി ആബി ബ്രാഡ്സ്ട്രീറ്റ് (36) എന്നിവര്‍ക്കെതിരെ ശിശു പീഡനത്തിനും കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തിയതിനും പോലീസ് കേസെടുത്തു.

ഡിസംബര്‍ 7-ന് കുട്ടികളെ തിരികെ അമ്മയുടെ അടുത്ത് എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. കുട്ടിയുടെ കാലുകള്‍ ചുവന്നുതടിച്ചിരിക്കുന്നതായും ഐസ് പോലെ തണുത്തിരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ട അമ്മ കാര്യം തിരക്കി. പിതാവിന്റെ വീട്ടില്‍ ക്രിസ്മസ് മരം അലങ്കരിക്കുമ്പോള്‍ താന്‍ എന്തുകൊണ്ട് പങ്കുചേര്‍ന്നില്ല എന്ന് ചോദിച്ചപ്പോഴാണ് കുട്ടി നടന്ന കാര്യങ്ങള്‍ വിവരിച്ചത്.

മൂത്രമൊഴിച്ചതിന് ശിക്ഷയായി അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീടിന് പുറത്തെ പോര്‍ച്ചില്‍ നിര്‍ത്തുകയായിരുന്നു. കുടുംബം മുഴുവന്‍ ഉള്ളില്‍ ക്രിസ്മസ് മരം ഒരുക്കുമ്പോള്‍ തനിക്ക് അതിന് യോഗ്യതയില്ലെന്ന് ഇവര്‍ പറഞ്ഞു.
തടികൊണ്ടുള്ള തവി ഉപയോഗിച്ച് തന്നെ മര്‍ദ്ദിച്ചതായും കുട്ടി പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സംഭവദിവസം പുറത്തെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയായിരുന്നു (28-30 ഡിഗ്രി ഫാരന്‍ഹീറ്റ്). ഏകദേശം 50 മിനിറ്റോളം കുട്ടിയെ തണുപ്പില്‍ നിര്‍ത്തിയതായാണ് കുട്ടിയുടെ സഹോദരന്‍ നല്‍കിയ മൊഴി. കൂടാതെ ശിക്ഷയുടെ ഭാഗമായി ബാത്ത് ടബ്ബില്‍ ഇരുത്തിയാണ് കുട്ടിക്ക് ഭക്ഷണം നല്‍കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന്  അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ജാമ്യത്തിലാണ്. കേസിന്റെ അടുത്ത വാദം ചൊവ്വാഴ്ച നടക്കും.