കാൽഗറിയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ വാടകക്കാർ ഒഴിഞ്ഞപ്പോഴുണ്ടായ പരിശോധനയിൽ കണ്ടെത്തിയത് ആയിരക്കണക്കിന് പാറ്റകൾ

By: 600110 On: Jan 9, 2026, 7:56 AM

കാൽഗറിയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ വാടകക്കാർ ഒഴിഞ്ഞപ്പോഴുണ്ടായ പരിശോധനയിൽ കണ്ടെത്തിയത് ആയിരക്കണക്കിന് പാറ്റകൾ. 660 സ്കൈവ്യൂ റാഞ്ച് റോഡിലുള്ള അപ്പാർട്ട്‌മെൻ്റിലാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.   പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥർ കണ്ടത് വീടുമുഴുവൻ ഇഴഞ്ഞുനടക്കുന്ന ആയിരക്കണക്കിന് പാറ്റകളെയാണ്. നല്ല വരുമാനവും മികച്ച ക്രെഡിറ്റ് സ്കോറുമുള്ളവരായിരുന്നു താമസക്കാർ. എന്നാൽ അവർ വീട് ഒഴിഞ്ഞപ്പോഴാണ് യഥാർത്ഥ അവസ്ഥ പുറംലോകം അറിഞ്ഞത്.

റിയൽ എസ്റ്റേറ്റ് രംഗത്ത് 25 വർഷത്തെ പരിചയമുള്ള പ്രോപ്പർട്ടി മാനേജർ വരുൺ ശ്രീകണ്ഠ പറയുന്നത്, തൻ്റെ കരിയറിൽ ഇത്രയധികം പാറ്റകളെ ഒരിടത്ത് ആദ്യമായാണ് കാണുന്നതെന്നാണ്. ആദ്യം ഫോട്ടോകൾ കണ്ടപ്പോൾ വിശ്വസിക്കാൻ പോലുമായില്ലെന്ന് അദ്ദേഹം പറഞ്ഞു.വീടിൻ്റെ എല്ലാ മുറികളിലും പാറ്റകൾ നിറഞ്ഞിരുന്നു.അപ്പാർട്ട്‌മെൻ്റിലെ പുതിയ സ്റ്റൗവിൻ്റെ ഉൾഭാഗം പോലും പാറ്റകൾ കരണ്ടു നശിപ്പിച്ചു.

കെട്ടിടത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് വാടകക്കാർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും, വൃത്തിഹീനമായ ജീവിതശൈലിയാണ് ഇതിന് കാരണമെന്ന് വരുൺ വ്യക്തമാക്കി. ആഹാര അവശിഷ്ടങ്ങളും അഴുക്കും കെട്ടിക്കിടക്കുന്ന വെള്ളവുമാണ് പാറ്റകൾ പെരുകാൻ ഇടയാക്കിയത്. പുതിയ കെട്ടിടമായതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാൻ വഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ രണ്ടുതവണ കീടനാശിനി പ്രയോഗം നടത്തിക്കഴിഞ്ഞു. എങ്കിലും ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. പാറ്റശല്യം പൂർണ്ണമായും മാറാതെ ഇനി ഈ വീട് വാടകയ്ക്ക് നൽകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മാനേജ്‌മെൻ്റ്.