തൊഴിൽ പരസ്യങ്ങളിൽ ശമ്പളത്തിൻ്റെ കൃത്യമായ പരിധി (Salary Range) വെളിപ്പെടുത്തുന്ന നിയമം നടപ്പിലാക്കണമെന്ന ആവശ്യം ആൽബർട്ടയിൽ ശക്തമാകുന്നു. മറ്റു പ്രവിശ്യകളായ ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിൽ നിലവിൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. ഇക്കഴിഞ്ഞ ജനുവരി ഒന്ന് മുതൽ ഒൻ്റാരിയോയിൽ നടപ്പായ പുതിയ നിയമപ്രകാരം, 25-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ തൊഴിൽ പരസ്യങ്ങളിൽ ശമ്പളം വ്യക്തമാക്കണമെന്ന് നിർബന്ധമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ശമ്പളത്തെക്കുറിച്ച് ധാരണ ലഭിക്കുന്നത് ഉദ്യോഗാർത്ഥികൾക്കും നിലവിലുള്ള ജീവനക്കാർക്കും ഒരുപോലെ ഗുണകരമാകുമെന്ന് മൗണ്ട് റോയൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ക്രിസ്റ്റ്യൻ കുക്ക് ചൂണ്ടിക്കാട്ടി.
എന്നാൽ ആൽബർട്ടയിൽ ഉടനടി ഇത്തരമൊരു നിയമം നടപ്പിലാക്കാൻ സാധ്യതയില്ലെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആൽബർട്ടയുടെ ജോബ്സ്, ഇക്കോണമി ആൻഡ് ഇമിഗ്രേഷൻ മന്ത്രി ജോസഫ് ഷൗ ഇത് സംബന്ധിച്ച വ്യക്തത വരുത്തി. നിയമനം നടക്കുന്നതിന് മുൻപുള്ള പരസ്യങ്ങൾ നൽകുന്ന കാര്യത്തിൽ കമ്പനികൾക്ക് സ്വന്തമായ പോളിസികൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, സർക്കാർ നിലവിൽ ഇതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.
അതേസമയം, കൃത്യമായ ശമ്പളവിവരങ്ങൾ ഇല്ലാത്തത് തങ്ങളുടെ ബജറ്റ് ആസൂത്രണത്തെ ബാധിക്കുന്നുവെന്ന് ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലും, ചില സ്വകാര്യ കമ്പനികൾ നിയമപരമായ സമ്മർദ്ദമില്ലാതെ തന്നെ സുതാര്യത ഉറപ്പാക്കാൻ സ്വമേധയാ ശമ്പളവിവരങ്ങൾ പരസ്യങ്ങളിൽ ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.