കുട്ടികളിലെ ഫോൺ ഉപയോഗം കുറയ്ക്കാൻ 'സ്ക്രീൻ ബ്രേക്ക്' പദ്ധതിയുമായി റോജേഴ്സ്; 50 ദശലക്ഷം ഡോളർ നിക്ഷേപിക്കും

By: 600110 On: Jan 9, 2026, 7:07 AM

 

കാനഡയിലെ കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന അമിതമായ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനായി ദേശീയതലത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ റോജേഴ്സ്. 'സ്ക്രീൻ ബ്രേക്ക്' (Screen Break) എന്നാണ് പദ്ധതിയുടെ പേര്. 11 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ പ്രതിദിനം അഞ്ചു മണിക്കൂറിലധികം സമയം ഫോണിനായി ചെലവഴിക്കുന്നു എന്ന പുതിയ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

കനേഡിയൻ പീഡിയാട്രിക് സൊസൈറ്റി നിർദ്ദേശിച്ചിട്ടുള്ള രണ്ട് മണിക്കൂർ എന്ന പരിധിയേക്കാൾ ഇരട്ടിയിലധികമാണിത്. അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും വളർച്ചയെയും ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ദശലക്ഷം ഡോളറാണ് പദ്ധതിക്കായി കമ്പനി ചിലവഴിക്കുന്നത്.
സ്ക്രീൻ ഉപയോഗം കുറയ്ക്കുന്നതിനായി നാല് പ്രധാന ഘടകങ്ങളിലൂന്നിയ പ്രവർത്തനങ്ങളാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കാനും സമയപരിധി നിശ്ചയിക്കാനും മാതാപിതാക്കളെ സഹായിക്കുന്ന 'എക്സ്ഫിനിറ്റി' (Xfinity) ആപ്പിലെ പുതിയ ടൂളുകളാണ് ഇതിൽ പ്രധാനം.

കൂടാതെ, സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രശസ്ത കായികതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ, വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി വൈ.എം.സി.എ (YMCA) പോലുള്ള സംഘടനകൾക്കുള്ള ഗ്രാൻ്റുകൾ എന്നിവയും ഇതിൻ്റെ ഭാഗമാണ്. അമിതമായ സ്ക്രീൻ ഉപയോഗം ഗൗരവകരമായൊരു പ്രശ്നമാണെന്ന് 90 ശതമാനം മാതാപിതാക്കളും വിശ്വസിക്കുമ്പോഴും, കുട്ടികൾ യഥാർത്ഥത്തിൽ ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ലെന്നും റോജേഴ്സ് സി.ഇ.ഒ ടോണി സ്റ്റാഫിയേരി പറയുന്നു.