കാൽഗറിയിൽ ജലക്ഷാമം രൂക്ഷം: നഗരം 'റെഡ് സോണിൽ, നിയന്ത്രണങ്ങൾ കർശനമാക്കി

By: 600110 On: Jan 9, 2026, 7:01 AM

കാൽഗറിയിൽ ജല ഉപഭോഗം പരിധി ലംഘിച്ചതോടെ നഗരം അതീവ ജാഗ്രത വേണ്ട ‘റെഡ് സോണിൽ’. കഴിഞ്ഞ ബുധനാഴ്ച നഗരത്തിലെ ജല ഉപയോഗം 507 ദശലക്ഷം ലിറ്ററിലെത്തിയതായി കൽഗറി എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി ചീഫ് സൂസൻ ഹെൻറി അറിയിച്ചു. സുസ്ഥിരമായ ഉപയോഗ പരിധിയായ 485 ദശലക്ഷം ലിറ്ററിനേക്കാൾ വളരെ കൂടുതലാണിത്.

ബിയർസ്പോ സൗത്ത് ഫീഡർ മെയിൻ പൈപ്പിലുണ്ടായ തകരാറിനെത്തുടർന്ന് നഗരത്തിലെ ജലവിതരണ ശൃംഖല കനത്ത സമ്മർദ്ദത്തിലാണെന്നും, സ്ഥിതി ഇതേപോലെ തുടരുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഓരോ താമസക്കാരനും പ്രതിദിനം ഏകദേശം 30 ലിറ്റർ വെള്ളം ലാഭിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ. ഇതിനായി ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതിൻ്റെ എണ്ണം കുറയ്ക്കാനും, ഷവർ ഉപയോഗം പരിമിതപ്പെടുത്താനും, മെഷീനുകൾ പൂർണ്ണമായി നിറഞ്ഞ ശേഷം മാത്രം പ്രവർത്തിപ്പിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

നിലവിൽ തകരാറിലായ പൈപ്പിൻ്റെ അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലാണെങ്കിലും, പൈപ്പിലൂടെ വീണ്ടും വെള്ളം പമ്പ് ചെയ്തു തുടങ്ങുമ്പോൾ മർദ്ദം വർദ്ധിക്കുന്നത് മൂലം കൂടുതൽ തകരാറുകൾ സംഭവിക്കാൻ സാധ്യതയുള്ളതായി ഇൻഫ്രാസ്ട്രക്ചർ ജനറൽ മാനേജർ മൈക്കൽ തോംസൺ പറഞ്ഞു. തകരാറിലായ ഭാഗം മാറ്റിസ്ഥാപിച്ച് വെൽഡിംഗ് ജോലികൾ പൂർത്തിയാക്കി മണ്ണ് നിറയ്ക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയായാലും ജലത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാനും, സിസ്റ്റം സ്ഥിരത കൈവരിക്കാനും കുറഞ്ഞത് 48 മണിക്കൂർ കൂടി വേണ്ടിവരും. എയർഡ്രി, സ്ട്രാത്ത്മോർ, ചെസ്റ്റർമിയർ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും സ്റ്റേജ് 4 ജലനിയന്ത്രണങ്ങൾ തുടരുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ വെള്ളം മിതമായി ഉപയോഗിക്കണമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.