കാൽഗറിയിലെ യുവതിയുടെ തിരോധാനം: സഹോദരിയെ തേടി ഷെൽബിയുടെ അന്വേഷണം തുടരുന്നു

By: 600110 On: Jan 8, 2026, 1:11 PM

 

കാൽഗറിയിൽ നിന്ന് കഴിഞ്ഞ ആറുമാസമായി കാണാതായ ഡീന്ന എറിക്സൺ (32) എന്ന യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് സഹോദരിയായ ഷെൽബി. തൻ്റെ സഹോദരിയെക്കുറിച്ച് വിവരം ലഭിക്കാൻ പൊതുസമൂഹത്തിൻ്റെ സഹായം അഭ്യർത്ഥിക്കുകയാണ് ഷെൽബി എറിക്സൺ ഇപ്പോൾ.

കഴിഞ്ഞ ജൂൺ ആറാം തീയതി ഷാവ്‍നെസിയിലെ സോമർസെറ്റ്-ബ്രൈഡിൽവുഡ് സി-ട്രെയിൻ സ്റ്റേഷനിലാണ് ഡീന്നയെ അവസാനമായി കാണുന്നത്. ട്രെയിനിൽ വെച്ച് പരിചയപ്പെട്ട  ഭവനരഹിതയായൊരു യുവതിക്കൊപ്പം ഡീന്ന അല്പനേരം ചെലവഴിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച ഡീന്ന,തെറ്റായ ബസിൽ കയറുകയായിരുന്നു. വാൾഡനിലെ ഷോപ്പേഴ്സ് ഡ്രഗ് മാർട്ടിന് സമീപം ബസ് ഇറങ്ങിയ ഡീന്നയെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ല. 'ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ' എന്ന ശാരീരിക ബുദ്ധിമുട്ട് നേരിടുന്നൊരാളാണ് ഡീന്ന.ഇതിൻ്റെ ചികിത്സയുടെ ഭാഗമായി കൃത്യമായ മരുന്നുകൾ കഴിക്കേണ്ടതുണ്ട്.

അന്വേഷണം തുടരുന്നതിനിടെ ഡിസംബർ 23-ന് ഷെൽബിക്ക് ഫേസ്ബുക്കിൽ ഒരു ഭീഷണി സന്ദേശം ലഭിച്ചു. ഡീന്നയെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും 10,000 ഡോളർ ബിറ്റ്‌കോയിനായി നൽകണമെന്നുമായിരുന്നു ആവശ്യം. ഡീന്നയെ വാനിൽ കെട്ടിയിട്ട നിലയിലുള്ള ഒരു ചിത്രവും അയച്ചുകൊടുത്തു. അങ്ങേയറ്റം മാനസിക സമ്മർദ്ദത്തിലായിരുന്ന ഷെൽബി ആദ്യം ഇത് വിശ്വസിച്ചെങ്കിലും, പിന്നീട് ഇത് AI  ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രമാണെന്ന് സ്ഥിരീകരിച്ചു.

കാൽഗറിയിൽ കാണാതാകുന്നവരുടെ കുടുംബങ്ങളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള AI അധിഷ്ഠിത പണം തട്ടൽ വർദ്ധിച്ചുവരികയാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 4,301 പേരെ കാണാതായതിൽ 16 കേസുകൾ ഇപ്പോഴും സജീവമാണ്. അതിലൊന്നാണ് ഡീന്നയുടേത്.