സ്ത്രീകളുടെയും കുട്ടികളുടെയും വ്യാജ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ ഇലോണ്‍ മസ്‌കിന്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക് പ്രതിക്കൂട്ടില്‍. ഇക്കാര്യത്തില്‍ അടിയന്തരനടപടി വേണമെന്ന് മസ്‌കിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനോട് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ സുരക്ഷാചട്ടങ്ങള്‍ പ്രാബല്യത്തിലാക്കണമെന്ന് പോളണ്ടിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഗ്രോക് അശ്ലീല ചിത്രങ്ങള്‍ പടച്ചുവിടുന്നതിനെ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇന്ത്യ, മലേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ അപലപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 72 മണിക്കൂറിനകം സമര്‍പ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.