കാനഡയ്ക്ക് മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച പ്രവചിച്ച് ഡെലോയിറ്റ് റിപ്പോർട്ട്. നിലവിലെ വ്യാപാര യുദ്ധവും അമേരിക്ക ഏർപ്പെടുത്തിയ താരിഫുകളും കാരണം 2026-ൽ കാനഡയുടെ സാമ്പത്തിക വളർച്ച കുറയുമെന്നാണ് ഡെലോയിറ്റ് വിലയിരുത്തുന്നത്. 2025-ലെ 1.7 ശതമാനത്തിൽ നിന്ന് വളർച്ചാ നിരക്ക് 1.5 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശക്തമായ വളർച്ച കൈവരിക്കുന്നതിനായി കാനഡ തങ്ങളുടെ സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഊർജ്ജം, ഖനനം, അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വലിയ പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും. കൂടാതെ, നാറ്റോ (NATO) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രതിരോധ മേഖലയിലെ ചെലവുകൾ വർദ്ധിപ്പിക്കുന്നത് ഹ്രസ്വകാലത്തേക്ക് സമ്പദ്‌വ്യവസ്ഥയ്ക്ക് തുണയാകും.അമേരിക്കൻ താരിഫുകൾ കാനഡയുടെ കയറ്റുമതിയെ, പ്രത്യേകിച്ച് മരത്തടി , മാനുഫാക്ചറിംഗ് മേഖലകളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ അനിശ്ചിതത്വം കാരണം ബിസിനസ്സ് സ്ഥാപനങ്ങളും ഉപഭോക്താക്കളും പണം ചിലവഴിക്കാൻ മടിക്കുകയാണ്. 2026-ൻ്റെ തുടക്കത്തിൽ പുതിയ തൊഴിലവസരങ്ങൾ കുറയാൻ സാധ്യതയുണ്ട്. എന്നാൽ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ തൊഴിലില്ലായ്മ നിരക്ക് താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.