കാനഡയുടെ ദേശീയ സെൻസസ് നടപടികൾ മെയ് മാസം തുടങ്ങും

By: 600110 On: Jan 8, 2026, 12:49 PM

കാനഡയുടെ ദേശീയ സെൻസസ് നടപടികൾ മെയ് മാസം തുടങ്ങും.  കാനഡയിലെ ഓരോ കുടുംബവും നിർബന്ധമായും സെൻസസ് ചോദ്യാവലി പൂരിപ്പിക്കേണ്ടതുണ്ട്.  രാജ്യത്തെ ജനസംഖ്യ, ജനങ്ങളുടെ ജീവിതരീതി, അവർക്ക് ആവശ്യമായ സേവനങ്ങൾ എന്നിവ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് സർവ്വെ. അഞ്ച് വർഷത്തിലൊരിക്കൽ സ്റ്റാറ്റിസ്റ്റിക്സ് കാനഡയാണ് സെൻസസ് നടത്തുന്നത്. 

പ്രായം, ലിംഗഭേദം, സംസാരിക്കുന്ന ഭാഷ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചോദിക്കുന്ന ഷോർട്ട് ഫോം സെൻസസ് ആണ്  ഭൂരിഭാഗം ആളുകൾക്കും ലഭിക്കുക. നാലിലൊന്ന് കുടുംബങ്ങൾക്ക് തൊഴിൽ, താമസം, വരുമാനം, സംസ്കാരം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ലോങ്ങ് ഫോം സെൻസസും ലഭിക്കും. വിദ്യാലയങ്ങൾ, ഗതാഗതം, ആരോഗ്യ പരിപാടികൾ എന്നിവ ആസൂത്രണം ചെയ്യാൻ സെൻസസ് ഡാറ്റ അനിവാര്യമാണ്. സെൻസസ് നടപടികൾക്കായി രാജ്യത്തുടനീളം ഏകദേശം 32,000 ജീവനക്കാരെ സ്റ്റാറ്റിസ്റ്റിക്സ് കാനഡ നിയമിക്കുന്നുണ്ട്.

വിവരങ്ങൾ ശേഖരിക്കുന്ന 'ന്യൂമറേറ്റർമാർ', ടീമുകളെ നയിക്കുന്ന 'ക്രൂ ലീഡർമാർ'എന്നിവയാണ് പ്രധാന തസ്തികകൾ. മണിക്കൂറിന് $25.87 മുതൽ $31.32 വരെയാണ് ശമ്പളം ലഭിക്കുക. മിക്ക കാനഡക്കാർക്കും ഓൺലൈനായി തന്നെ സെൻസസ് വിവരങ്ങൾ പൂരിപ്പിക്കാൻ സാധിക്കും.