കാനഡയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള റെസ്റ്റോറൻ്റ് ഉടമകൾക്ക് തടവുശിക്ഷ

By: 600110 On: Jan 8, 2026, 12:41 PM

കാനഡയിലെ കാൽഗറിയിൽ ഇന്ത്യൻ തൊഴിലാളികളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത മൂന്ന് റെസ്റ്റോറൻ്റ് ഉടമകൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. കാൽഗറിയിലെ 'മറീന ദോശ ആൻഡ് തന്തൂരി ഗ്രിൽ' ഉടമകളായ മണികണ്ഠൻ കാശിനാഥൻ, ചന്ദ്രമോഹൻ മർജാക്, മേരി റോഷെ എന്നിവർക്കാണ് 90 ദിവസത്തെ തടവുശിക്ഷ ലഭിച്ചത്. 5,000 ഡോളറിന് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ശിക്ഷ. മൂന്ന് തൊഴിലാളികളിൽ നിന്നായി ഏകദേശം 44,000 ഡോളർ (ഏകദേശം 36 ലക്ഷം രൂപ) ഇവർ തട്ടിയെടുത്തതായി ജസ്റ്റിസ് സാന്ദ്ര മാ കണ്ടെത്തി. തടവുശിക്ഷയ്ക്ക് പുറമെ 18 മാസത്തെ പ്രൊബേഷനും, തട്ടിയെടുത്ത തുക തൊഴിലാളികൾക്ക് തിരികെ നൽകാനും കോടതി ഉത്തരവിട്ടു.

ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ കാനഡയിലേക്ക് എത്തിച്ച ശേഷം സർക്കാർ ഫീസെന്ന വ്യാജേന വലിയ തുക ഇവർ കൈക്കലാക്കുകയായിരുന്നു. ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റിനായി 1,000 ഡോളർ മാത്രം ആവശ്യമുള്ളിടത്ത് ഓരോരുത്തരോടും 24,000 ഡോളർ വീതമാണ് ഇവർ ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഭീഷണിപ്പെടുത്തി പന്ത്രണ്ട് മുതൽ പതിനാല് മണിക്കൂർ വരെ വിശ്രമമില്ലാതെ പണിയെടുപ്പിച്ചു.
തന്നെ ഒരു അടിമയെപ്പോലെയാണ് അവർ കണ്ടതെന്ന് ഇരകളിലൊരാളായ വെങ്കടേശൻ ദുരൈരാജ് കോടതിയിൽ മൊഴി നൽകി.  തൊഴിലാളികളെ തങ്ങളുടെ വീടുകളിൽ താമസിപ്പിച്ച് മോശം സാഹചര്യങ്ങളിൽ കഴിയാൻ നിർബന്ധിക്കുകയും അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തതായി വിചാരണയിൽ തെളിയുകയായിരുന്നു.