2024ലെ കാൽഗറി പൈപ്പ് ലൈൻ തകർച്ചയ്ക്ക് കാരണം മോശം മാനേജ്‌മെൻ്റും ആസൂത്രണമില്ലായ്മയുമാണെന്ന് സ്വതന്ത്ര സമിതിയുടെ റിപ്പോർട്ട്

By: 600110 On: Jan 8, 2026, 12:35 PM

2024ൽ കാൽഗറിയിലെ ബിയർസ്‌പാവ് ഫീഡർമെയ്ൻ പൈപ്പ് ലൈനിൻ്റെ തകർച്ചയ്ക്ക് കാരണം മോശം മാനേജ്‌മെൻ്റും ആസൂത്രണമില്ലായ്മയുമാണെന്ന് സ്വതന്ത്ര സമിതിയുടെ റിപ്പോർട്ട്. ഇത് ഒരു വ്യക്തിയുടെ പിഴവല്ലെന്നും മറിച്ച് ഭരണസംവിധാനത്തിൻ്റെ പരാജയമാണെന്നും ചെയർമാൻ സീഗ്ഫ്രൈഡ് കീഫർ വിശദീകരിച്ചു.

ജലവിതരണ സംവിധാനം കുറ്റമറ്റതാക്കാൻ വർഷങ്ങളായി ലഭിച്ച അവസരങ്ങൾ നഗരസഭ പാഴാക്കിയതായി സമിതി ചൂണ്ടിക്കാട്ടി. ഫീഡർമെയ്‌നുകൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട് പ്രധാന പദ്ധതികൾ നേരത്തെ പൂർത്തിയാക്കുന്നതിന് പകരം വൈകിപ്പിക്കുകയാണുണ്ടായത്. ഈ പദ്ധതികൾ കൃത്യസമയത്ത് നടപ്പിലാക്കിയിരുന്നെങ്കിൽ, പൈപ്പ് തകർന്ന സമയത്ത് മറ്റ് വഴികളിലൂടെ വെള്ളം തിരിച്ചുവിടാൻ സാധിക്കുമായിരുന്നു. പൈപ്പുകൾ നശിച്ചുപോകുന്നതിനെക്കുറിച്ച് 2004-ലെ ഒരു റിപ്പോർട്ട് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും സമിതി കണ്ടെത്തി. എന്നാൽ ഇത്തരം പ്രശ്നങ്ങൾ യഥാസമയം ഉന്നതതലങ്ങളിൽ എത്തിക്കാൻ സാധിച്ചില്ല.

ഉത്തരവാദിത്തങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ട ഒരു പ്രത്യേക 'വാട്ടർ യൂട്ടിലിറ്റി' വിഭാഗം രൂപീകരിക്കാൻ സമിതി ശുപാർശ ചെയ്തു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ പഴയ പൈപ്പുകൾ വേഗത്തിൽ മാറ്റണമെന്നും സമിതി നിർദ്ദേശിച്ചു. 2024-ലെ പൈപ്പ് തകർച്ച നഗരത്തിൽ അടിയന്തരാവസ്ഥയ്ക്കും ആഴ്ചകളോളം നീണ്ട ജലനിയന്ത്രണത്തിനും കാരണമായിരുന്നു. അടുത്തിടെ വീണ്ടും ഉണ്ടായ പൈപ്പ് പൊട്ടൽ ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. നിലവിൽ നഗരത്തിൽ കടുത്ത ജലനിയന്ത്രണങ്ങൾ തുടരുകയാണ്.