കാനഡയിൽ ഏകദേശം 2,500-ളം അപ്രഖ്യാപിത വിദേശ ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ

By: 600110 On: Jan 8, 2026, 12:31 PM

കാനഡയിൽ ഏകദേശം 2,500-ളം അപ്രഖ്യാപി വിദേശ ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കനേഡിയൻ സർക്കാരിനെ അറിയിക്കാതെ വിദേശ സർക്കാരുകൾക്ക് വേണ്ടി ഈ ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. പാർലമെൻ്ററി കമ്മിറ്റി യോഗത്തിൽ പബ്ലിക് സേഫ്റ്റി കാനഡയാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.

കനേഡിയൻ രാഷ്ട്രീയം, ബിസിനസ്സ്, കമ്മ്യൂണിറ്റികൾ എന്നിവയെ സ്വാധീനിക്കാൻ ഈ ഏജൻ്റുമാർ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. തങ്ങളുടെ രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇവർ രഹസ്യ ശൃംഖലകളും വ്യക്തിബന്ധങ്ങളും ഉപയോഗപ്പെടുത്തി നിശബ്ദമായാണ് പ്രവർത്തിക്കുന്നത്. വിദേശ ഏജൻ്റുമാർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന നിയമം നിലവിൽ കാനഡയിലില്ല. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം രജിസ്ട്രേഷൻ സംവിധാനങ്ങൾ നിലവിലുണ്ട്. സമാനമായൊരു സംവിധാനം കാനഡയിലും കൊണ്ടുവരണോ എന്ന കാര്യത്തിൽ കനേഡിയൻ നിയമസഭാംഗങ്ങൾ ഇപ്പോൾ ചർച്ച നടത്തിവരികയാണ്. രജിസ്ട്രേഷൻ നിലവിൽ വരുന്നത് വിദേശ സ്വാധീനങ്ങളെ കൂടുതൽ സുതാര്യമാക്കുമെന്ന് അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ ഇത് ചില പ്രത്യേക വിഭാഗങ്ങളെ അനാവശ്യമായി ലക്ഷ്യം വയ്ക്കാനോ ദുരുപയോഗം ചെയ്യാനോ ഇടയാക്കുമെന്നാണ് വിമർശകരുടെ ആശങ്ക.  ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് വിവിധ വശങ്ങൾ പഠിച്ചുവരികയാണെന്നും വിപുലമായ കൂടിയാലോചനകൾ നടത്തുകയാണെന്നും സർക്കാർ അറിയിച്ചു. ഇത്തരം  വിദേശ സ്വാധീനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.