ഹമാസ് നേതാവ് നാജി സഹീര്‍ പാകിസ്താനില്‍ സന്ദര്‍ശനം നടത്തി; ഇന്ത്യയും ഇസ്രയേലും ആശങ്കയില്‍ 

By: 600002 On: Jan 8, 2026, 11:05 AM

 

 

ഹമാസ് നേതാവ് ഖാലിദ് മെഷാലിന്റെ പ്രത്യേക പ്രതിനിധിയായ നാജി സഹീര്‍ പാകിസ്താനില്‍ എത്തിയതായി റിപ്പോര്‍ട്ട്. പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഗുജ്‌റന്‍വാലയിലുള്ള ലഷ്‌കറെ തൊയ്‌ബെ ഭീകര ക്യാമ്പില്‍ നടന്ന ഒരു പരിപാടിയിലെ മുഖ്യാതിഥിയായാണ് സഹീര്‍ പാകിസ്താനില്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം. 

ഈ വാര്‍ത്ത ഹമാസും പാകിസ്താനിലെ ഭീകര ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പരിപാടിയില്‍ നിന്നുള്ള വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. വേദിയിലേക്ക് കടന്നുവരുന്ന സഹീറിനെ മോഡറേറ്റര്‍ പരിചയപ്പെടുത്തുമ്പോള്‍ ഹാളിലുണ്ടായിരുന്നവര്‍ വരവേല്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.  പാകിസ്താനിലെ ഐഎസ്‌ഐ രഹസ്യമായി ഹമാസ് അംഗങ്ങളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ഇന്ത്യയെയും ഇസ്രയേലിനെയും ഒരുപോലെ ആശങ്കയിലാക്കുന്ന വാര്‍ത്തയാണിത്. ഹമാസ് നേതാവിന്റെ പാകിസ്താനിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നില്ല ഇത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 2024 ഏപ്രിലില്‍ സഹീര്‍ ഇസ്ലമാബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷനില്‍ അതിഥിയായി പ്രത്യക്ഷപ്പെട്ടിരുന്നു.