എഡ്‌മൻ്റണിൽ നിന്നുള്ള വെസ്റ്റ്‌ജെറ്റ് വിമാനത്തിൽ യാത്രക്കാരൻ നേരിട്ട അസൗകര്യങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ കാനഡയിൽ വിമാനയാത്രക്കാരുടെ സൗകര്യങ്ങളെച്ചൊല്ലി വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വീഡിയോയിൽ ഒരു യാത്രക്കാരൻ തൻ്റെ കാലുകൾ മുൻസീറ്റിനോട് ചേർന്ന് ഒട്ടും ചലിപ്പിക്കാനാകാത്ത വിധം ഇരിക്കുന്നത് വ്യക്തമായി കാണാം. സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ ദൃശ്യങ്ങൾ, കൊള്ള ലാഭമുണ്ടാക്കാനായി വിമാനക്കമ്പനികൾ യാത്രക്കാരുടെ സൗകര്യങ്ങൾ ബലികഴിക്കുന്നു എന്ന ആക്ഷേപം ശക്തമാക്കിയിട്ടുണ്ട് . പ്രത്യേകിച്ചും ഉയരമുള്ള യാത്രക്കാർക്ക് ഇത്തരം സീറ്റുകളിൽ യാത്ര ചെയ്യുന്നത് അസാധ്യമാണെന്നും ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നുമാണ് വിമർശനം ഉയരുന്നത്.
വിമാനങ്ങളിലെ സീറ്റുകൾ തമ്മിലുള്ള അകലം (legroom) സംബന്ധിച്ച് കാനഡയിൽ നിലവിൽ കൃത്യമായ നിയമങ്ങളില്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് എയർ പാസഞ്ചർ റൈറ്റ്‌സ് വക്താക്കൾ പറയുന്നു. കുറഞ്ഞ നിരക്കിൽ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി സീറ്റുകളുടെ എണ്ണം കൂട്ടുകയും അവ തമ്മിലുള്ള അകലം 28 ഇഞ്ച് വരെയായി കുറയ്ക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. എന്നാൽ തങ്ങളുടെ സീറ്റിംഗ് ക്രമീകരണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും, കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർ അധിക തുക നൽകി സീറ്റുകൾ ബുക്ക് ചെയ്യണമെന്നുമാണ് വെസ്റ്റ്‌ജെറ്റ് അധികൃതരുടെ നിലപാട്. ഈ സംഭവം കാനഡയിലെ വ്യോമയാന മന്ത്രാലയത്തിൻ്റെ ഇടപെടലിന് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ .