കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി കാനഡ സർക്കാർ മുന്നോട്ട്. 2026-ഓടെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തെത്തുന്ന പുതുമുഖങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇമിഗ്രേഷൻ നിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായി 2026-ൽ സ്ഥിരതാമസക്കാരുടെ (Permanent Residents) എണ്ണം കാനഡ പരിമിതപ്പെടുത്തും. 2025-ലെ 395,000-ൽ നിന്ന് 380,000 ആയി സ്ഥിരതാമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് ഓട്ടവ ലക്ഷ്യമിടുന്നത്. 2024-ൽ 483,640 പേർക്ക് പ്രവേശനം നൽകിയ സ്ഥാനത്താണ് ഈ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. എന്നാൽ കാനഡയുടെ തൊഴിൽ മേഖലയെ താങ്ങിനിർത്താൻ കുടിയേറ്റക്കാർ ഇപ്പോഴും അത്യാവശ്യമാണെന്ന് ഇമിഗ്രേഷൻ അഭിഭാഷകനായ രവി ജെയിൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ തൊഴിൽ മേഖലയുടെ വളർച്ച പ്രധാനമായും പുതുതായി എത്തുന്നവരെ ആശ്രയിച്ചാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2025-ൻ്റെ അവസാന പകുതിയിൽ ജനസംഖ്യാ വളർച്ചയിൽ 0.2 ശതമാനം കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. സ്റ്റുഡൻ്റ് വിസകളുടെ എണ്ണത്തിലും സർക്കാർ വലിയ വെട്ടിക്കുറയ്ക്കൽ വരുത്താനൊരുങ്ങുകയാണ്. 2025-ലെ 437,000-ൽ നിന്ന് 2026-ൽ ഇത് വെറും 155,000 ആയി ചുരുങ്ങും. താൽക്കാലിക തൊഴിലാളികളുടെ (Temporary workers) പ്രവേശനം 230,000 ആയി കുറയും. കഴിഞ്ഞ വർഷത്തേക്കാൾ 135,000-ത്തിലധികം കുറവാണിത്. അഭയാർത്ഥികളുടെ പ്രവേശനത്തിലും നേരിയ കുറവുണ്ടാകും. 2026-ൽ 56,200 പേരെയാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമമായ 'ബിൽ സി-12' (Bill C-12) പ്രകാരം അഭയാർത്ഥി നിയമങ്ങൾ കർശനമാക്കുകയും അപേക്ഷകൾ റദ്ദാക്കാൻ സർക്കാരിന് അധികാരം നൽകുകയും ചെയ്യും.