വെനസ്വേല എണ്ണ ഉൽപ്പാദനം വർദ്ധിപ്പിച്ചാലും കാനഡയുടെ വിപണി കരുത്തോടെ മുന്നേറുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. വെനസ്വേലയെ അപേക്ഷിച്ച് കാനഡയിൽ നിന്നുള്ള എണ്ണയ്ക്ക് ചിലവ് കുറവാണെന്ന് മാത്രമല്ല, അവ കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാരീസിൽ ഉക്രെയ്ൻ സുരക്ഷാ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെനസ്വേലയുടെ എണ്ണ മേഖല പുനരുജ്ജീവിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം കാനഡയുടെ ബിസിനസ്സിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കാർണി. ഏത് കാലഘട്ടത്തിലും വിപണിയിൽ മികച്ച മത്സരം കാഴ്ചവെക്കാൻ കാനഡയ്ക്ക് കരുത്തുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനായി എണ്ണപ്പാടങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന 'പാത്ത്‌വേസ്' പോലുള്ള നൂതന പദ്ധതികൾ രാജ്യം നടപ്പിലാക്കുന്നുണ്ട്. കൂടാതെ, അമേരിക്കയെ മാത്രം ആശ്രയിക്കാതെ ഏഷ്യൻ വിപണികളിലേക്ക് കൂടി കാനഡ കയറ്റുമതി വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഡുറോ ഭരണകൂടം മാറിയതോടെ വെനസ്വേലയിലെ ജനങ്ങൾക്ക് അവരുടെ പ്രകൃതിവിഭവങ്ങളുടെ ഗുണം ലഭിക്കുമെന്നത് സ്വാഗതാർഹമാണെന്നും കാർണി പറഞ്ഞു. എന്നാൽ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ ഈ നിലപാടിനോട് വിയോജിച്ചു. വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കാനഡയുടെ വിപണിക്ക് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.