സിസിഎംഎ ആല്‍ബര്‍ട്ട ചാപ്റ്റര്‍ ഫെബ്രുവരിയില്‍

By: 600002 On: Jan 6, 2026, 3:04 PM



 

ടൊറന്റോ: സെന്റര്‍ ഫോര്‍ കനേഡിയന്‍ മലയാളീസ് (സിസിഎംഎ) ആല്‍ബര്‍ട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് നാലിന് എഡ്മിന്റന്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ചര്‍ച്ച് മീറ്റിങ് ഹാളിലാണ് പരിപാടി. മലയാളി സമൂഹത്തിലെ നേതൃനിരയില്‍ സജീവമായവര്‍ക്കും പ്രഫഷനല്‍, ബിസിനസ് രംഗങ്ങളിലുമുള്ളവര്‍ക്കും നവകുടിയേറ്റക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം പങ്കെടുക്കാം. 

കാനഡയിലെ മലയാളികളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണമാണ് സിസിഎംഎയുടെ ലക്ഷ്യം. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരുടെ നേതൃത്വത്തിലാണ് സിസിഎംഎയ്ക്ക് രൂപംനല്‍കിയത്. ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അംഗത്വമെടുക്കാനും അവസരമുണ്ടെന്ന് സിസിഎംഎ പ്രസിഡന്റും നാഷനല്‍ കൗണ്‍സില്‍ ചെയറുമായ പ്രവീണ്‍ വര്‍ക്കി അറിയിച്ചു.

കഴിഞ്ഞ നവംബറില്‍ കേരളപ്പിറവിയോടനുബന്ധിച്ച് ഒന്റാരിയോയിലെ മോണോയില്‍ ലീഡര്‍ഷിപ്പ്, ബിസിനസ് സമ്മിറ്റും പിന്നീട് ഹാമില്‍ട്ടണില്‍ ബിസിനസ് മീറ്റും നടത്തിയിരുന്നു. കാനഡയിലെ എല്ലാ പ്രോവിന്‍സുകളിലും സിസിഎംഎ ചാപ്റ്ററുകള്‍ തുടങ്ങും.

ബിസിനസുകാരെയും സംരംഭകരെയും കൂട്ടിയിണക്കുന്നതിനായി ബിസിനസ് ഡവലപ്‌മെന്റ് കൗണ്‍സിലും പുതിയ തലമുറയില്‍നിന്ന് നേതൃനിരയെ കണ്ടെത്തുന്നതിനായി യങ് ലീഡേഴ്‌സ് നെറ്റ് വര്‍ക്കും സിസിഎംഎയുടെ ഭാഗമായുണ്ട്. 

ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്, എന്‍ആര്‍ഐ ആസ്തി സംരക്ഷണ സേവനങ്ങള്‍, സ്റ്റാര്‍ട്ട് അപ്, നവസംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, ഫ്രാഞ്ചൈസി മാതൃകകള്‍ തുടങ്ങിയവയാണ് ബിസിനസ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ചുമതലകള്‍. ഇതിന്റെ ഭാഗമായി കനേഡിയന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സും രൂപീകരിച്ചിരുന്നു. 

ആല്‍ബര്‍ട്ട ചാപ്റ്റര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവീണ്‍ വര്‍ക്കി (5198705783), അനൂപ് ജോര്‍ജ്  (7802188249) എന്നിവരില്‍നിന്ന് ലഭ്യമാകും. വെബ്‌സൈറ്റ് മുഖേന റജിസ്റ്ററും ചെയ്യാം- കൂടുതല്‍ വിവരങ്ങള്‍ക്ക് :  www.canadianmalayaliaffairs.ca.