അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ ഒഹിയോയിലെ വീട്ടില്‍ അതിക്രമിച്ച് കയറി ചുറ്റിക ഉപയോഗിച്ച് ഒട്ടേറെ ജനവാതിലുകള്‍ തകര്‍ത്ത യുവാവ് നേരത്തെയും ഇത്തരം കേസുകളില്‍ പ്രതിയായിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, മാനസിക വെല്ലുവിളി നേരിടുന്നു എന്ന കാരണത്താല്‍ മിക്ക കേസുകളിലും ഇയാളെ വെറുതെവിടുകയായിരുന്നു.
വാന്‍സിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ വില്യം ഡിഫോര്‍ എന്ന 26 വയസ്സുകാരനെ ഒട്ടേറെ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ആക്രമണ സമയത്ത് വാന്‍സും ഭാര്യ ഉഷ വാന്‍സും വീട്ടിലുണ്ടായിരുന്നില്ല. ഏകദേശം 25 ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് സിന്‍സിനാറ്റിയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വില്യം ഡിഫോര്‍ ഒരു പ്രമുഖ കോടീശ്വര കുടുംബത്തിലെ അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിന്‍സിനാറ്റി സ്വദേശിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ എന്ന് വ്യക്തമല്ലെങ്കിലും ഡിഫോര്‍ അടുത്തിടെ 'ജൂലിയ' എന്ന പേരിലും അറിയപ്പെട്ടിരുന്നു.