കാൽഗറിയിൽ ജലവിതരണ ശൃംഖലയിലുണ്ടായ വൻ തകരാറിനെത്തുടർന്ന് സ്ഥിതിഗതികൾ ഗുരുതരമാകുന്നു. നഗരത്തിലെ 60 ശതമാനം വെള്ളവും എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനായ 'ബിയർസ്പോ സൗത്ത് ഫീഡർ മെയിൻ' കഴിഞ്ഞ ഡിസംബർ 30-നാണ് തകർന്നത്. വെള്ളത്തിൻ്റെ ഉപയോഗം അടിയന്തരമായി കുറയ്ക്കാൻ മേയർ ജെറോമി ഫർകാസ് നഗരവാസികളോട് ആവശ്യപ്പെട്ടു.
നഗരത്തിലെ ജലശേഖരം അപകടകരമാംവിധം കുറയുകയാണെന്നും, ഇത് അഗ്നിശമന സേനയുടെയും മറ്റ് അടിയന്തര വിഭാഗങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം ജീവന് അപായം പോലും സംഭവിക്കാവുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
തകരാർ സംഭവിച്ച 16-ാം അവന്യൂ പരിസരത്തെ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന 'തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം' എന്ന നിർദ്ദേശം അധികൃതർ പിൻവലിച്ചെങ്കിലും, വെള്ളത്തിൻ്റെ ഉപയോഗം ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.
നഗരത്തിലെ 16 ലക്ഷത്തോളം ജനങ്ങളോടും അനാവശ്യമായ ജല ഉപയോഗം കുറയ്ക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കേടായ പൈപ്പുകൾ നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ നഗരസഭ പുറത്തുവിട്ടു. അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ട്രാൻസ് കാനഡ ഹൈവേയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്.