അമേരിക്കയില്‍ പനി പടരുന്നു: കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; ഈ സീസണില്‍ ഇതുവരെ ഏകദേശം 5,000 പേര്‍ പനി ബാധിച്ച് മരിച്ചു

By: 600002 On: Jan 6, 2026, 11:15 AM



 

പി പി ചെറിയാന്‍

വെര്‍മോണ്ട് :അമേരിക്കയിലെ 45 സംസ്ഥാനങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ പനി (Flu) അതിവേഗം പടരുന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ പനി ലക്ഷണങ്ങളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അറിയിച്ചു.

ഈ സീസണില്‍ ഇതുവരെ ഏകദേശം 5,000 പേര്‍ പനി ബാധിച്ച് മരിച്ചു. ഇതില്‍ ഒന്‍പത് കുട്ടികളും ഉള്‍പ്പെടുന്നു. ഏകദേശം 1.1 കോടി ആളുകള്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 1,20,000 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 45 സംസ്ഥാനങ്ങളില്‍ അതിശക്തമായ രീതിയില്‍ രോഗം പടരുകയാണ്.

കടുത്ത പനി, തൊണ്ടവേദന, വിറയല്‍, ശരീരവേദന, കടുത്ത ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കോവിഡ് (Covid), ആര്‍.എസ്.വി (RSV) എന്നീ വൈറസുകള്‍ കൂടി പനിയോടൊപ്പം പടരുന്നത് സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു.

ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ആരോഗ്യ മന്ത്രാലയം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണമെന്ന മുന്‍പത്തെ ശുപാര്‍ശയില്‍ നിന്ന് ആരോഗ്യ മന്ത്രാലയം (ഒഒട) പിന്മാറി. ഔദ്യോഗിക പ്രതിരോധ കുത്തിവെപ്പ് പട്ടികയില്‍ നിന്ന് ഇന്‍ഫ്‌ലുവന്‍സ വാക്‌സിനെ ഒഴിവാക്കി.

പനി ഇത്രയും കഠിനമായി പടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വാക്‌സിന്‍ ശുപാര്‍ശ പിന്‍വലിക്കുന്നത് അപകടകരമാണെന്ന് ശിശുരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാക്രമെന്റോയിലെ മൂന്ന് വയസ്സുകാരി നയ കെസ്ലര്‍ കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ച് ആശുപത്രിയിലാണ്. വാക്‌സിന്‍ എടുത്തിട്ടുപോലും കുട്ടിക്ക് കടുത്ത അസ്വസ്ഥതകള്‍ ഉണ്ടായെന്നും, വാക്‌സിന്‍ എടുത്തില്ലായിരുന്നെങ്കില്‍ സ്ഥിതി ഇതിലും മോശമാകുമായിരുന്നു എന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

നിലവില്‍ സി.ഡി.സി (CDC) വെബ്‌സൈറ്റ് പ്രകാരം, 6 മാസത്തിന് മുകളിലുള്ള എല്ലാവരും പനിക്കെതിരെയുള്ള വാക്‌സിന്‍ എടുക്കുന്നത് തുടരണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഭരണകൂടത്തിന്റെ പുതിയ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.