പി പി ചെറിയാന്‍
ഡാളസ്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദമ്പതികളെ വെടിവെച്ച കേസില്‍ 26-കാരനായ നോഹ ട്രൂബയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറന്‍ ഡാളസില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
വെടിയേറ്റ 57-കാരിയായ ഗ്വാഡലൂപ്പ് ഗോണ്‍സാലസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിയും ദമ്പതികളും ഒന്നിച്ച് മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ദമ്പതികള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിനാലാണ് വെടിവെച്ചതെന്നുമാണ് പ്രതിയുടെ വാദം.
സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍.
നിലവില്‍ നോഹ ട്രൂബ ഡാളസ് കൗണ്ടി ജയിലിലാണ്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.