പി പി ചെറിയാന്‍
ഡാളസ്: അരനൂറ്റാണ്ടിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍, ഡാളസ് പോലീസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം തെളിയിച്ചു. 1973-ല്‍ കാണാതായ 16 വയസ്സുകാരന്‍ നോര്‍മന്‍ പ്രാറ്ററിനെയാണ് (Norman Prater) ദശാബ്ദങ്ങള്‍ക്ക് ശേഷം ഒരു പഴയ ചിത്രത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞത്.
1973 ജനുവരി 14-ന് കിഴക്കന്‍ ഡാളസില്‍ സുഹൃത്തുക്കളോടൊപ്പം നടന്നുപോകുമ്പോഴാണ് നോര്‍മനെ അവസാനമായി കണ്ടത്. പിന്നീട് ആ കൗമാരക്കാരനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
നോര്‍മനെ കാണാതായി ആറു മാസത്തിന് ശേഷം, സൗത്ത് ടെക്‌സസിലെ റോക്ക് പോര്‍ട്ടില്‍ വെച്ച് ഒരു വാഹനാപകടത്തില്‍ (Hit-and-run) തിരിച്ചറിയാത്ത ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് ആ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
2025 അവസാനത്തോടെ അരാന്‍സാസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ നിന്ന് ലഭിച്ച അപകടത്തില്‍പ്പെട്ട യുവാവിന്റെ പുതിയ ചിത്രം കേസിലെ നിര്‍ണ്ണായക തെളിവായി. ഈ ചിത്രം നോര്‍മന്റെ സഹോദരന്‍ തിരിച്ചറിഞ്ഞതോടെയാണ് ദുരൂഹത നീങ്ങിയത്.
നോര്‍മന്റെ മൂത്ത സഹോദരനാണ് ചിത്രത്തിലെ അടയാളങ്ങള്‍ കണ്ട് അത് തന്റെ അനിയന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്കാലത്ത് നായ കടിച്ചപ്പോഴുണ്ടായ ചുണ്ടിലെ പാടും, വഴക്കിനിടയില്‍ പുരികത്തിനു മുകളിലുണ്ടായ മുറിപ്പാടും നോര്‍മനെ തിരിച്ചറിയാന്‍ സഹായിച്ചു.
അരനൂറ്റാണ്ടിന് ശേഷം നോര്‍മനെ തിരിച്ചറിഞ്ഞെങ്കിലും, അവന്‍ എങ്ങനെ ഡാളസില്‍ നിന്ന് 400 മൈല്‍ അകലെയുള്ള സൗത്ത് ടെക്‌സസില്‍ എത്തിയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. നോര്‍മനെ ഇടിച്ചുതെറിപ്പിച്ച വാഹനം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും, തന്റെ സഹോദരന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് 52 വര്‍ഷത്തിന് ശേഷം കുടുംബത്തിന് കൃത്യമായ മറുപടി ലഭിച്ചു.