പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: നഗരത്തിലെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന 'ജങ്ക് ഫീസുകള്‍' , വരിസംഖ്യാ കെണികള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി പ്രഖ്യാപിച്ച് മേയര്‍ സോഹ്രാന്‍ മംദാനി. ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സിറ്റി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിക്ക് അദ്ദേഹം തിങ്കളാഴ്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ജങ്ക് ഫീസുകള്‍ക്കെതിരെ പോരാട്ടം: സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍ അവസാന നിമിഷം അപ്രതീക്ഷിതമായി ചേര്‍ക്കുന്ന അധിക ചാര്‍ജുകളെയാണ് 'ജങ്ക് ഫീസുകള്‍' എന്ന് വിളിക്കുന്നത്. ഇവ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നുവെന്ന് മേയര്‍ ചൂണ്ടിക്കാട്ടി.
സബ്സ്‌ക്രിപ്ഷന്‍ കെണികള്‍: സൗജന്യ ട്രയലുകള്‍ എന്ന പേരില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും പിന്നീട് അറിയിപ്പില്ലാതെ മാസം തോറും പണം ഈടാക്കുകയും ചെയ്യുന്ന രീതിക്കെതിരെയും നടപടിയുണ്ടാകും.
ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ 'ജങ്ക് ഫീ ടാസ്‌ക് ഫോഴ്സ്' രൂപീകരിച്ചു. നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ നിലവിലെ 6.5 കോടി ഡോളര്‍ ബജറ്റ് ഇരട്ടിയാക്കുമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും മേയര്‍ വാഗ്ദാനം ചെയ്തു.
'നിങ്ങള്‍ ഏറെക്കാലമായി ആഗ്രഹിച്ച ഒരു സംഗീത പരിപാടിയുടെ ടിക്കറ്റ് എടുക്കുമ്പോള്‍, അവസാന നിമിഷം വന്‍കിട കമ്പനികള്‍ നൂറുകണക്കിന് ഡോളര്‍ അധികമായി ഈടാക്കുന്നത് സാധാരണക്കാരോടുള്ള അനാദരവാണ്. ഇത്തരം ചൂഷണങ്ങള്‍ ഇനി നഗരത്തില്‍ അനുവദിക്കില്ല,' മേയര്‍ മാംദാനി ക്വീന്‍സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സാം ലെവിനെയാണ് ഈ വകുപ്പിനെ നയിക്കാന്‍ മേയര്‍ നിയോഗിച്ചിരിക്കുന്നത്. സിറ്റി കൗണ്‍സിലുമായി സഹകരിച്ച് രാജ്യത്തെ ഏറ്റവും മികച്ച ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ന്യൂയോര്‍ക്കില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.