നോർത്തേൺ ഒൻ്റാരിയോയിൽ താപനില കുത്തനെ ഇടിഞ്ഞതോടെ, വന്യമൃഗമായ 'മൂസുകൾ' കൂട്ടത്തോടെ ഹൈവേകളിലേക്ക് ഇറങ്ങുന്നതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) മുന്നറിയിപ്പ് നൽകി. റോഡുകളിൽ വിതറുന്ന ഉപ്പ് തേടിയും മഞ്ഞിലൂടെയുള്ള യാത്ര ഒഴിവാക്കാനുമാണ് ഇവ പ്രധാനമായും പാതകളിലേക്ക് എത്തുന്നത്. ഹൈവേ 527 ഉൾപ്പെടെയുള്ള റൂട്ടുകളിൽ മൂസുകളുടെ കൂട്ടത്തെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 550 കിലോയോളം (1,200 പൗണ്ട്) ഭാരമുള്ള ഇവയുമായി വാഹനം കൂട്ടിയിടിക്കുന്നത് അതീവ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കി.
രാത്രികാലങ്ങളിൽ കാഴ്ചപരിധി കുറവായതിനാൽ ഇത്തരം അപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. മൂസുകളുടെ ഇരുണ്ട നിറം കാരണം രാത്രിയിൽ ദൂരത്തുനിന്നും അവയെ തിരിച്ചറിയാൻ പ്രയാസമാണ്. റോഡരികിലെ മഞ്ഞിൽ കാണുന്ന കാൽപ്പാടുകൾ, വശങ്ങളിലെ അനക്കം, അല്ലെങ്കിൽ മുന്നിൽ പോകുന്ന വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ പെട്ടെന്ന് തെളിയുന്നത് എന്നിവ മൃഗങ്ങൾ സമീപത്തുണ്ടെന്നതിൻ്റെ സൂചനകളായി കരുതണം. മൂസുകളെ കണ്ടാൽ ഹോൺ മുഴക്കി പേടിപ്പിക്കാൻ ശ്രമിക്കരുതെന്നും, വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി അവയെ സ്വയം മാറിപ്പോകാൻ അനുവദിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.