നിക്കോളാസ് മഡുറോയെ തടവിലാക്കി വെനിസ്വേലയിൽ പിടിമുറുക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കം കാനഡയുടെ എണ്ണ വിപണിക്ക് പുതിയ ഭീഷണിയാകുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനിസ്വേലയിലെ 'ഹെവി ക്രൂഡ്' ഓയിൽ, കാനഡയിലെ ആൽബർട്ടയിൽ ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്ക് സമാനമായ ഗുണനിലവാരമുള്ളതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വെനിസ്വേലയിലെ ആഭ്യന്തര പ്രശ്നങ്ങളും ഉപരോധങ്ങളും കാരണം എണ്ണ ഉത്പാദനം തടസ്സപ്പെടിരുന്നു. ഇത് അമേരിക്കയുടെ ഇടപെടലിലൂടെ പുനരാരംഭിക്കുന്നത് കാനഡയ്ക്ക് വിപണിയിൽ കടുത്ത മത്സരം സൃഷ്ടിക്കും. അമേരിക്കൻ റിഫൈനറികൾക്ക് കുറഞ്ഞ ചിലവിൽ വെനിസ്വേലൻ എണ്ണ ലഭ്യമാകുന്നത് കനേഡിയൻ എണ്ണയുടെ ആവശ്യകത കുറയ്ക്കാനും വില ഇടിയാനും കാരണമായേക്കും.
ഈ സാഹചര്യത്തിൽ, കാനഡ തങ്ങളുടെ എണ്ണ കയറ്റുമതിയിൽ വൈവിധ്യവൽക്കരണം കൊണ്ടുവരണമെന്നും പുതിയ പൈപ്പ്‌ലൈനുകൾ അടിയന്തരമായി നിർമ്മിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കാനഡയുടെ പ്രധാന എണ്ണ ഉപഭോക്താവ് അമേരിക്കയാണ്. എന്നാൽ വെനിസ്വേലയുടെ എണ്ണ തിരികെ എത്തുന്നതോടെ ആഗോള വിപണിയിലേക്ക് നേരിട്ട് എണ്ണ എത്തിക്കാനുള്ള മാർഗ്ഗങ്ങൾ കാനഡയെ സംബന്ധിച്ച് അത്യാവശ്യമായി മാറിയിരിക്കുന്നു. പടിഞ്ഞാറൻ തീരത്തേക്ക് പൈപ്പ്‌ലൈനുകൾ വ്യാപിപ്പിക്കുന്നതിലൂടെ ഏഷ്യൻ വിപണികൾ ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് കടന്നുചെല്ലാൻ കാനഡയ്ക്ക് സാധിക്കും. അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റിയില്ലെങ്കിൽ കാനഡയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളിലൊന്നായ എണ്ണ വ്യവസായം വലിയ പ്രതിസന്ധിയിലാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.