അധ്യാപികയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തി: പ്രതി പിടിയില്‍

By: 600002 On: Jan 5, 2026, 11:37 AM

 

 

പി പി ചെറിയാന്‍

അമേരിക്കയിലെ റാലിയില്‍ (Raleigh) ശനിയാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്. റെവന്‍സ്‌ക്രോഫ്റ്റ് സ്‌കൂളിലെ സയന്‍സ് വിഭാഗം മേധാവിയായ സോയി വെല്‍ഷ്  ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 6:30 ഓടെ തന്റെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറിയെന്ന് സോയി പോലീസിനെ വിളിച്ച് അറിയിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ തന്നെ പ്രതി അവരെ ആക്രമിക്കാന്‍ തുടങ്ങി. മാരകമായി പരിക്കേറ്റ സോയിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

36-കാരനായ റയാന്‍ കാമാച്ചോ (Ryan Camacho) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതകം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി. പത്തുവര്‍ഷത്തിലേറെയായി ഇയാള്‍ക്ക് വലിയ ക്രിമിനല്‍ ചരിത്രമുണ്ട്. ഏകദേശം 20 തവണയിലധികം ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. 2021-ല്‍ ജയില്‍ ചാടിയ ചരിത്രവും ഇയാള്‍ക്കുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ മറ്റൊരു കേസില്‍ ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാളെ നിര്‍ബന്ധിത ചികിത്സയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.

കൊല്ലപ്പെട്ട അധ്യാപികയുടെ വിയോഗത്തില്‍ സ്‌കൂള്‍ അധികൃതരും പോലീസ് മേധാവിയും അനുശോചനം രേഖപ്പെടുത്തി. തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.