ഒൻ്റാരിയോയിൽ കടുത്ത ഡ്രൈവിംഗ് നിയമങ്ങളും വർദ്ധിപ്പിച്ച ടോൾ നിരക്കുകളും നിലവിൽ വന്നു

By: 600110 On: Jan 5, 2026, 11:32 AM

ഒൻ്റാരിയോയിൽ കടുത്ത ഡ്രൈവിംഗ് നിയമങ്ങളും വർദ്ധിപ്പിച്ച ടോൾ നിരക്കുകളും നിലവിൽ വന്നു. ഇതനുസരിച്ച് ജനുവരി ഒന്ന് മുതൽ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും. പുതിയ നിയമപ്രകാരം, കുറഞ്ഞ അളവിൽ മദ്യം ഉപയോഗിച്ച് (0.05 മുതൽ 0.079 BAC വരെ) പിടിക്കപ്പെടുന്ന യുവ ഡ്രൈവർമാരുടെയും ലേണേഴ്സ് ലൈസൻസ് ഉള്ളവരുടെയും ലൈസൻസ് സസ്പെൻഷൻ കാലാവധി മൂന്ന് ദിവസത്തിൽ നിന്നും ഏഴ് ദിവസമായി ഉയർത്തി. രണ്ടാം തവണയും ഇതേ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് 14 ദിവസത്തേക്ക് റദ്ദാക്കും. കൂടാതെ, കുറ്റകൃത്യങ്ങളുടെ റെക്കോർഡ് പരിശോധിക്കുന്ന 'ലുക്ക് ബാക്ക്' കാലാവധി അഞ്ച് വർഷത്തിൽ നിന്നും പത്ത് വർഷമായി വർദ്ധിപ്പിച്ചു.

മദ്യപിച്ചുള്ള ഡ്രൈവിംഗ് മരണത്തിന് കാരണമായാൽ ഡ്രൈവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.  മറ്റൊരു പ്രധാന മാറ്റം ഹൈവേ 407-ലെ (Highway 407 ETR) ടോൾ നിരക്കുകളിലുണ്ടായ വർദ്ധനവാണ്. പുതുവർഷം മുതൽ പ്രാബല്യത്തിൽ വന്ന ഈ വർദ്ധനവ് വഴി തിരക്കുള്ള സമയങ്ങളിൽ യാത്ര ചെയ്യുന്നവർ വലിയ തുക ടോളായി നൽകേണ്ടി വരും. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ഹൈവേയിൽ ശരാശരി 23 ശതമാനം വരെയാണ് ടോൾ നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് രാവിലത്തെയും വൈകുന്നേരത്തെയും തിരക്കുള്ള സമയങ്ങളിൽ (Peak hours) യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ സാമ്പത്തിക ഭാരമാകും. ഡ്രൈവർമാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ ശീലിക്കണമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.