വെനസ്വേലന്‍ പ്രസിഡന്റ് മഡുറോ അമേരിക്കയില്‍ അറസ്റ്റില്‍; ബ്രൂക്ലിനിലെ തടങ്കല്‍ കേന്ദ്രത്തിലെത്തിച്ചു

By: 600002 On: Jan 5, 2026, 9:47 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ എത്തിച്ചു. ലഹരിക്കടത്ത്, ആയുധ ഇടപാട് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി.

ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സൈനിക താവളത്തിലെത്തിച്ച മഡുറോയെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ (DEA) ഓഫീസില്‍ ഹാജരാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പീ ഡിഡി, ഗിസ്ലെയ്ന്‍ മാക്സ്വെല്‍ തുടങ്ങിയ പ്രമുഖരെ പാര്‍പ്പിച്ചിട്ടുള്ള അതേ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.

മഡുറോയുടെ അറസ്റ്റിനെത്തുടര്‍ന്ന് തലസ്ഥാനമായ കാരക്കാസില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഒരു വിഭാഗം ജനങ്ങള്‍ ആഘോഷിക്കുമ്പോള്‍, സര്‍ക്കാര്‍ അനുകൂലികള്‍ ഇതിനെ 'തട്ടിക്കൊണ്ടുപോകല്‍' എന്ന് വിശേഷിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നു.

അമേരിക്കന്‍ വ്യോമാക്രമണത്തില്‍ വെനസ്വേലയിലെ പ്രധാന സൈനിക കേന്ദ്രമായ 'ഫ്യൂര്‍ട്ടെ ടിയുണ'യിലെ ആറോളം കെട്ടിടങ്ങള്‍ തകര്‍ന്നതായി ബിബിസി വെരിഫൈ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

മഡുറോയെയും ഭാര്യയെയും വരും ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കും.