ഒൻ്റാരിയോയിലെ കിച്ചനറിൽ, പലചരക്ക് കടയിൽ നിന്ന് വെണ്ണ മോഷ്ടിച്ചതിന് ഇന്ത്യൻ വിദ്യാർത്ഥി പിടിയിലായി. ഏകദേശം 800 ഡോളർ വിലവരുന്ന വെണ്ണയാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം പുറത്തായതിനെത്തുടർന്ന് പോലീസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. കോടതി ഇയാൾക്ക് കണ്ടീഷണൽ ഡിസ്ചാർജ് അനുവദിച്ചു.
കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ വിദ്യാർത്ഥി കുറ്റം സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സ്വന്തം ആവശ്യത്തിനോ പാചകം ചെയ്യാനോ വേണ്ടിയല്ല വിദ്യാർത്ഥി ഇത് മോഷ്ടിച്ചതെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് കേസിൻ്റെ സാഹചര്യം പരിഗണിച്ച് കോടതി വിദ്യാർത്ഥിക്ക് 'കണ്ടീഷണൽ ഡിസ്ചാർജ്' അനുവദിച്ചത്. കോടതി നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിക്കുകയാണെങ്കിൽ വിദ്യാർത്ഥിയുടെ പേരിൽ ക്രിമിനൽ റെക്കോർഡ് ഉണ്ടാവില്ല എന്നതാണ് ഇതിൻ്റെ ഗുണം. നിയമങ്ങൾ പാലിക്കണമെന്നും വീണ്ടും പ്രശ്നങ്ങളിൽ ചെന്നു ചാടരുത് എന്നതുമാണ് പ്രധാന നിബന്ധനകൾ.
വിദ്യാർത്ഥിയുടെ സാഹചര്യം കണക്കിലെടുത്ത് ഈ ശിക്ഷ നീതിയുക്തമാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ ഈ കേസ് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.