സ്വതന്ത്ര ആൽബർട്ടയ്ക്കായി ഹിതപരിശോധന നടത്തുന്നതിനുള്ള അപേക്ഷയ്ക്ക് ഇലക്ഷൻസ് ആൽബർട്ടയുടെ അംഗീകാരം

By: 600110 On: Jan 5, 2026, 8:17 AM

 

കാനഡയിൽ നിന്ന് വേർപെട്ട് ആൽബർട്ട ഒരു സ്വതന്ത്ര രാജ്യമാകണോ എന്നതിനെക്കുറിച്ച് ഹിതപരിശോധന നടത്തുന്നതിനുള്ള അപേക്ഷയ്ക്ക് 'ഇലക്ഷൻസ് ആൽബർട്ട' അംഗീകാരം നൽകി. മിച്ച് സിൽവെസ്റ്ററും 'ആൽബർട്ട പ്രോസ്പിരിറ്റി പ്രോജക്റ്റും' ചേർന്നാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്. ശനിയാഴ്ച മുതൽ മെയ് രണ്ട് വരെയുള്ള സമയപരിധിക്കുള്ളിൽ വോട്ട് ചെയ്യാൻ അർഹതയുള്ള 1,78,000-ത്തോളം ആളുകളുടെ ഒപ്പുകൾ ശേഖരിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.

ആവശ്യമായ ഒപ്പുകൾ ലഭിക്കുകയാണെങ്കിൽ, കാനഡയിൽ ആൽബർട്ടയുടെ ഭാവി തീരുമാനിക്കുന്നതിനായി പ്രവിശ്യാതലത്തിൽ വോട്ടെടുപ്പ് നടത്തും. ഔദ്യോഗികമായ ഒപ്പ് ശേഖരണ രേഖകൾ ഇപ്പോൾ നൽകിക്കഴിഞ്ഞതായി ഇലക്ഷൻസ് ആൽബർട്ട വ്യക്തമാക്കി. “ആൽബർട്ട പ്രവിശ്യ കാനഡയുടെ ഭാഗമായി തുടരുന്നത് അവസാനിപ്പിച്ച് ഒരു സ്വതന്ത്ര രാജ്യമാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” എന്നതാണ് ഹിതപരിശോധനയ്ക്കായി അംഗീകരിച്ച ചോദ്യം. ഇതിന് 'അതെ' എന്നോ 'അല്ല' എന്നോ ആണ് വോട്ടർമാർ ഉത്തരം നൽകേണ്ടത്.

ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഒപ്പ് ശേഖരണത്തിന് അനുമതി ലഭിച്ചത്. പദ്ധതിയുടെ ഔദ്യോഗിക തുടക്കത്തെക്കുറിച്ച് സിൽവെസ്റ്റർ നിലവിൽ പ്രതികരിച്ചിട്ടില്ല.എണ്ണ, പ്രകൃതിവാതക മേഖലകളിൽ ഫെഡറൽ ഗവൺമെൻ്റെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കാരണം ഇത്തരമൊരു ഹിതപരിശോധന അനിവാര്യമാണെന്ന് സിൽവെസ്റ്റർ നേരത്തെ വാദിച്ചിരുന്നു. സാധാരണ തിരഞ്ഞെടുപ്പുകളിലൂടെ ഒരു മാറ്റം വരാൻ സാധ്യതയില്ലാത്തതിനാൽ സ്വാതന്ത്ര്യം ആവശ്യമാണെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. എന്നാൽ, ആൽബർട്ട കാനഡ വിട്ടുപോകുക എന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നാണ് വിമർശകരുടെ നിലപാട്.