കാൽഗറിയിലെ ജലവിതരണ സംവിധാനത്തിൻ്റെ മേൽനോട്ടം പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തേക്കുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. നഗരത്തിലെ പ്രധാന പൈപ്പ് ലൈനിൽ വീണ്ടും വലിയ വിള്ളലുണ്ടായതിനെ തുടർന്നാണ് ഈ നീക്കം. രണ്ട് വർഷത്തിനിടയിൽ ഒരേ പൈപ്പ് ലൈനിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തകരാറാണിത്. മേൽനോട്ടത്തിൽ സംഭവിച്ച ഗുരുതരമായ പരാജയമാണിതെന്ന് സ്മിത്ത് വിശേഷിപ്പിച്ചു. അതിനാൽ ജലവിതരണ സംവിധാനത്തിൻ്റെ മേൽനോട്ട ചുമതല പ്രവിശ്യ ഏറ്റെടുക്കേണ്ടി വരുമെന്നും അവർ സൂചിപ്പിച്ചു.
2013-ലെ വെള്ളപ്പൊക്കത്തിന് ശേഷം കൂടുതൽ പരിശോധനകൾ നടത്താത്തതിന് മുൻ കാൽഗറി മേയർ നഹീദ് നെൻഷിയെ പ്രീമിയർ കുറ്റപ്പെടുത്തി. എന്നാൽ ആരോപണത്തെ തള്ളി നെൻഷി രംഗത്തെത്തി. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്നും നഹീദ് നെൻഷി പ്രതികരിച്ചു. പൈപ്പ് ലൈനിലെ പുതിയ തകരാറിനെത്തുടർന്ന് കാൽഗറിയിലെ 16-ാം അവന്യൂവിന്റെ ഒരു ഭാഗം അടച്ചുപൂട്ടേണ്ടി വന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ടാഴ്ചയോളം എടുത്തേക്കുമെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ജലവിതരണ സംവിധാനത്തിൻ്റെ സുരക്ഷിതത്വത്തിലും വിശ്വാസ്യതയിലും നഗരവാസികൾക്ക് ആശങ്കയുണ്ട്. സിസ്റ്റത്തിൻ്റെ നിയന്ത്രണം കാൽഗറി നഗരസഭയ്ക്കാണോ അതോ പ്രവിശ്യാ ഭരണകൂടത്തിനാണോ വേണ്ടതെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്.