ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ നിന്നുള്ള റീസൈക്ലിങ് മെറ്റീരിയൽസ് ശേഖരണത്തിൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽ വന്നു

By: 600110 On: Jan 3, 2026, 1:56 PM

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ വീടുകളിൽ നിന്നുള്ള റീസൈക്ലിങ് മെറ്റീരിയൽസ് ശേഖരണത്തിൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽ വന്നു. ജനുവരി ഒന്ന് മുതൽ ബ്ലൂ ബോക്സുകൾ ശേഖരിക്കുന്നതിനുള്ള ഉത്തരവാദിത്തം മുനിസിപ്പാലിറ്റികൾക്ക് പകരം അതത് ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾക്കായിരിക്കും. ഒൻ്റാരിയോ സർക്കാരിൻ്റെ ഉത്തരവ് പ്രകാരം സർക്കുലർ മെറ്റീരിയൽസ് എന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഗ്രീൻ ഫോർ ലൈഫ് (GFL) ശേഖരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.

പുതിയ സംവിധാനത്തിന് കീഴിൽ മുമ്പ് അനുവദനീയമല്ലാതിരുന്ന കൂടുതൽ സാധനങ്ങൾ ഇനി മുതൽ ബ്ലൂ ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. കറുത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, കോഫി കപ്പുകൾ, ഫ്രോസൺ ജ്യൂസ് പാത്രങ്ങൾ, ഐസ്ക്രീം ടബ്ബുകൾ, ടൂത്ത് പേസ്റ്റ്, ഡിയോഡറൻ്റ് ട്യൂബുകൾ എന്നിവ പുതിയ പട്ടികയിൽ ഉൾപ്പെടുന്നു. മാലിന്യ ശേഖരണ തീയതികളിൽ മാറ്റമുണ്ടാകില്ലെന്നും സാധാരണ മാലിന്യങ്ങളുടെയും (Garbage) ജൈവമാലിന്യങ്ങളുടെയും (Organics) ശേഖരണം മുനിസിപ്പാലിറ്റികൾ തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചു. ബ്ലൂ ബോക്സ് ശേഖരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 1-888-921-2686 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.