പി പി ചെറിയാന്‍
ഒഹായോ: ഒഹായോയിലെ കൊളംബസില്‍ ദന്തഡോക്ടറെയും ഭാര്യയെയും വീടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡിസംബര്‍ 30-നാണ് സ്‌പെന്‍സര്‍ ടെപെ (37), മോണിക്ക് ടെപെ (39) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദമ്പതികള്‍ കൊല്ലപ്പെട്ട സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ഇവരുടെ ഒന്ന്, നാല് വയസ്സുള്ള കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സ്‌പെന്‍സര്‍ ജോലിക്ക് എത്താതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.
വീടിനുള്ളില്‍ ബലപ്രയോഗം നടന്നതായോ ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന സമയത്ത് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ആളുകളുടെയോ വാഹനങ്ങളുടെയോ ദൃശ്യങ്ങള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ നീതി ലഭിക്കണമെന്ന് കുടുംബം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.