കാനഡയിലെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട പുതിയ സർവേ റിപ്പോർട്ട് പുറത്ത്

By: 600110 On: Jan 3, 2026, 7:29 AM

2026-ൽ കാനഡയിലെ കമ്പനികൾ പുതിയ ജീവനക്കാരെ നിയമിക്കുന്നതിൽ കുറവ് വരുത്താൻ സാധ്യതയുണ്ടെന്ന് സർവ്വെ റിപ്പോർട്ട്. എക്സ്പ്രസ് എംപ്ലോയ്‌മെൻ്റ് പ്രൊഫഷണൽസും ഹാരിസ് പോളും ചേർന്ന് നടത്തിയ പുതിയ സർവേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 2026-ൻ്റെ ആദ്യ പകുതിയിൽ വെറും 44 ശതമാനം കമ്പനികൾ മാത്രമാണ് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 2025-ൽ ഇത് 51 ശതമാനമായിരുന്നു.

ഏകദേശം 42 ശതമാനത്തോളം കമ്പനികൾ ജീവനക്കാരുടെ എണ്ണത്തിൽ മാറ്റം വരുത്താതെ തുടരാനാണ് പദ്ധതിയിടുന്നത്. 10 ശതമാനത്തോളം കമ്പനികൾ ജീവനക്കാരെ കുറയ്ക്കാനും സാധ്യതയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായാണ് മിക്ക കമ്പനികളും തൊഴിൽ കുറയ്ക്കുന്നത്. കൂടാതെ സർക്കാർ നിയമങ്ങളിലെ മാറ്റങ്ങൾ, ആവശ്യക്കാർ കുറയുന്നത്, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയുടെ വർദ്ധിച്ച ഉപയോഗവും ഇതിന് കാരണമാകുന്നുണ്ട്. ജോലി ഒഴിഞ്ഞുപോയവർക്ക് പകരം പുതിയ ആളുകളെ നിയമിക്കില്ലെന്ന് 20 ശതമാനത്തിലധികം കമ്പനികൾ വ്യക്തമാക്കി.

ജീവനക്കാരുടെ നൈപുണ്യ വികസനത്തിനായി നിക്ഷേപിക്കുന്ന കമ്പനികൾക്കായിരിക്കും ഭാവിയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുകയെന്ന് വിദഗ്ദ്ധരുടെ അഭിപ്രായപ്പെടുന്നതായി സർവ്വെ റിപ്പോർട്ടിലുണ്ട്. സാങ്കേതികവിദ്യ ജോലികളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുമെങ്കിലും, മനുഷ്യൻ്റെ സർഗ്ഗാത്മകത എപ്പോഴും പ്രധാനമായി തുടരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.