ശസ്ത്രക്രിയയ്ക്കായുള്ള കാത്തിരിപ്പ് കുറയ്ക്കാൻ ആൽബർട്ടയിൽ പുതിയ ബിൽ; ഡോക്ടർമാർക്ക് സ്വകാര്യ മേഖലയിലും പ്രവർത്തിക്കാൻ അനുമതി

By: 600110 On: Jan 2, 2026, 12:44 PM

 

ആൽബർട്ടയിലെ ശസ്ത്രക്രിയാ കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള 'ബിൽ 11' നിയമനിർമ്മാണം പ്രവിശ്യാ ഗവൺമെൻ്റ് അവതരിപ്പിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഡോക്ടർമാർക്ക് പൊതു-സ്വകാര്യ ആരോഗ്യ സംവിധാനങ്ങളിൽ ഒരേസമയം സേവനം അനുഷ്ഠിക്കാൻ സാധിക്കും.

നിലവിലെ കണക്കുകൾ പ്രകാരം ഏകദേശം 83,000 ആൽബർട്ട നിവാസികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായും, ശസ്ത്രക്രിയക്കായി നിശ്ചയിച്ചിട്ടുള്ള നിശ്ചിത സമയപരിധിക്ക് ശേഷവും 43 ശതമാനം ആളുകൾ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പരിഷ്കാരം പ്രവിശ്യയിലെ ആരോഗ്യരംഗത്ത് ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെൽത്ത് പോളിസി ഡയറക്ടർ നദീം ഇസ്മായിൽ പറഞ്ഞു.

കൂടുതൽ സമയം ജോലി ചെയ്യാനും വരുമാനം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്ന ശസ്ത്രക്രിയാ വിദഗ്ധർക്ക് സ്വകാര്യ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് സഹായകരമാകുമെന്നും, ഇത് പൊതുസംവിധാനത്തിലെ പ്രവർത്തനങ്ങളെ ഒട്ടും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച തൊഴിൽ സാഹചര്യങ്ങൾ തേടി ആൽബർട്ട വിട്ടുപോയ നഴ്സുമാരെയും തൊഴിൽരഹിതരായ ഡോക്ടർമാരെയും തിരികെ കൊണ്ടുവരാൻ ഈ Dual-model system ഉപകരിക്കുമെന്നാണ് ഗവൺമെൻ്റിൻ്റെ പ്രതീക്ഷ. എന്നാൽ, ഈ നീക്കം ആരോഗ്യമേഖലയിൽ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.