അതിശൈത്യത്തിനിടയിൽ ടാക്സിക്കുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകനായി ടാക്സി ഡ്രൈവർ. കാൽഗറിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. കഠിനമായ മഞ്ഞുവീഴ്ചയും മൈനസ് 23 ഡിഗ്രി സെൽഷ്യസ് തണുപ്പുമുള്ള സാഹചര്യത്തിൽ, ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള യാത്രക്കാരെ എത്തിക്കണമെന്ന സന്ദേശമാണ് ഡ്രൈവർ ഹർദീപ് സിംഗ് ടൂറിന് ലഭിച്ചത്. എന്നാൽ സ്ഥലത്തെത്തിയപ്പോഴാണ് ഗർഭിണിയായ യുവതി പ്രസവവേദന കൊണ്ട് പുളയുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. മോശം കാലാവസ്ഥയെയും വഴുക്കുന്ന റോഡുകളെയും അവഗണിച്ച് പീറ്റർ ലോഗീഡ് ആശുപത്രി ലക്ഷ്യമാക്കി അദ്ദേഹം വാഹനം ഓടിച്ചു.
സാധാരണഗതിയിൽ അരമണിക്കൂറോളം എടുക്കുന്ന യാത്രയ്ക്കിടെ, ആശുപത്രിക്ക് ഏതാനും ബ്ലോക്കുകൾ മാത്രം അകലെ വെച്ച് യുവതി ടാക്സിയുടെ പിൻസീറ്റിൽ പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോഴാണ് തനിക്ക് ആശ്വാസമായതെന്ന് ഹർദീപ് സിംഗ് ടൂർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ അദ്ദേഹം സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയും തുടർന്ന് മെഡിക്കൽ സംഘം എത്തി അമ്മയെയും കുഞ്ഞിനെയും പരിചരിക്കുകയും ചെയ്തു.