2026 മുതൽ പുതിയ നികുതി പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കാനഡ. പ്രധാനമായും കുറഞ്ഞ വരുമാനമുള്ളവർക്കും ഇടത്തരം വരുമാനക്കാർക്കും ആശ്വാസം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്കാരങ്ങൾ. അതേസമയം, പെൻഷൻ ആനുകൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശമ്പളത്തിൽ നിന്നും ഈടാക്കുന്ന വിഹിതത്തിൽ നേരിയ വർദ്ധനവും ഉണ്ടായിരിക്കും. മിക്ക മാറ്റങ്ങളും ചെറുതാണെന്നും സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആദായനികുതി നിരക്കിലെ കുറവാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഏറ്റവും കുറഞ്ഞ ആദായനികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറയും. 58,523 ഡോളർ വരെയുള്ള വരുമാനത്തിന് ഇനി ഈ കുറഞ്ഞ നിരക്കായിരിക്കും ബാധകം. ഈ മാറ്റത്തിലൂടെ കുടുംബങ്ങൾക്ക് വർഷത്തിൽ ഏകദേശം 750 മുതൽ 840 ഡോളർ വരെ ലാഭിക്കാൻ സാധിക്കും. ഇതിന് പുറമെ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്കായി 2026 മുതൽ 2030 വരെ പുതിയ ടാക്സ് ക്രെഡിറ്റ് അനുവദിക്കും. കുറഞ്ഞത് 22,000 ഡോളർ വാർഷിക വരുമാനമുള്ളവർക്ക് 1,100 ഡോളർ വരെ ക്ലെയിം ചെയ്യാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇത് ബാധകമാണ്.
ചെറുകിട ബിസിനസ്സുകൾ, ഫാമുകൾ, മത്സ്യബന്ധന വസ്തുവകകൾ എന്നിവ വിൽക്കുമ്പോൾ ലഭിക്കുന്ന 'ലൈഫ് ടൈം ക്യാപിറ്റൽ ഗെയിൻസ് എക്സംപ്ഷൻ' പരിധി 1.25 ദശലക്ഷം ഡോളറായി ഉയർത്തും. കാനഡ പെൻഷൻ പ്ലാനിലേക്കുള്ള വിഹിതം വർദ്ധിക്കും; ഇതനുസരിച്ച് തൊഴിലുടമകളും ജീവനക്കാരും കൂടുതൽ തുക നൽകേണ്ടി വരും. ടാക്സ് ഫ്രീ സേവിംഗ്സ് അക്കൗണ്ടിന്റെ (TFSA) വാർഷിക നിക്ഷേപ പരിധി 2026-ലും 7,000 ഡോളറായി തന്നെ തുടരും.